വിവിധ തരം മാസ്‌കുകളെ കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിൽ വെളിവാകുന്നത് വീടുകളിൽ നിർമ്മിക്കുന്ന സാധാരണ മാസ്‌കുകൾ കോവിഡ് വ്യാപനം തടയുന്നതിൽ കാര്യക്ഷമമല്ലെന്നാണ്. അവയിൽ, കോട്ടൺ കൊണ്ട് നിർമ്മിച്ച മൂന്ന് ലയറുകൾ എങ്കിലും ഇല്ലെങ്കിൽ അവ തീരെ കാര്യക്ഷമമല്ല. എന്നാൽ, മൂന്നു ലയറുകളുള്ള മാസ്‌കുകൾക്ക് രോഗവ്യാപനം തടയുവാൻ കഴിയും.

സർജിക്കൽ മാസ്‌കും എൻ 95 മാസ്‌കും തന്നെയാണ് കോവിഡ് വ്യാപനം തടയുവാൻ ഏറ്റവും ഉത്തമം എന്നാണ് ഈ പഠനത്തിൽ തെളിഞ്ഞത്. സാധാരണക്കാർക്ക് സർജിക്കൽ മാസ്‌കുകൾ എളുപ്പത്തിൽ ലഭ്യമല്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഈ പഠനറിപ്പോർട്ടിന് ഏറെ പ്രസക്തിയുണ്ട്.

നോവൽ കൊറോണ വൈറസ് രണ്ടുതരത്തിലാണ് വായുവിലൂടെ പകരുനത്. രോഗബാധിതനായ ഒരു വ്യക്തി സംസാരിക്കുകയോ, ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യുമ്പോൾ അയാളുടെ ശരീരത്തിൽ നിന്നും ബഹിർഗമിക്കുന്ന വലിയ ദ്രാവക കണങ്ങളിലൂടെ ഈ വൈറസ് പകരാം. ഈ വലിയ കണങ്ങൾക്ക് ചെറിയ ദൂരം മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു പിന്നീട് ഇവ നിലത്തു പതിക്കുന്നു.രണ്ടാമതായി എയറോസോൾ എന്ന് വിളിക്കപ്പെടുന്ന ചെറിയ ദ്രാവക കണങ്ങളിലൂടെയും വൈറസിന് വ്യാപിക്കാനാകും.

ഇവയും വൈറസ് ബാധിതനായ ഒരു വ്യക്തിയിൽ നിന്നും ബഹിർഗമിക്കുന്ന ദ്രാവക കണങ്ങളാണ്. എന്നാൽ, ഇവയ്ക്ക് താരതമ്യേന കൂടുതൽ നേരം വായുവിൽ തങ്ങിനിൽക്കാൻ കഴിയും, പ്രത്യേകിച്ചും വായുസഞ്ചാരം ഇല്ലാത്തെ മുറികളീൽ. വലുതും ചെറുതുമായ രണ്ടുതരത്തിലുള്ള ദ്രാവക കണങ്ങളേയും തടയുവാൻ ഫേസ് മാസ്‌കുകൾക്കാവും. എന്നാൽ, തുണികൊണ്ടുള്ള മാസ്‌ക്കുകളേക്കാൾ ഏറെ കാര്യക്ഷമമായി ഈ ദ്രാവക കണങ്ങളെ തടയുന്നത് സർജിക്കൽ മാസ്‌കുകളും എൻ 95 മാസ്‌കുകളുമാണെന്നാണ് പഠനത്തിൽ വ്യക്തമായത്.

ഇപ്പോൾ തന്നെ പല യൂറോപ്യൻ വിമാന കമ്പനികൾ ഉൾപ്പടെ പലരും തുണികൊണ്ടുള്ള മാസ്‌ക് നിരോധിച്ചിട്ടുണ്ട്. പകരം കൂടുതൽ കാര്യക്ഷമമായ സർജിക്കൽ മാസ്‌കുകളാണ് ഇവർ നിർദ്ദേശിക്കുന്നത്. ഇതുപോലുള്ള നിയന്ത്രണം അമേരിക്കയിലും ആവശ്യമാണെന്ന് ചില അമേരിക്കൻ ശാസ്ത്രജ്ഞർ നിർദ്ദേശിച്ചിട്ടുമുണ്ട്. എന്നാൽ, ചില സവിശേഷതകൾ ഉണ്ടെങ്കിൽ തുണികൊണ്ടുള്ള മാസ്‌കും കോവിഡ് വ്യാപനം തടയുന്നതിന് ഫലപ്രദമാകുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

കൃത്രിമമായി ഉണ്ടാക്കിയ ദ്രാവക കണങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ ഈ പരീക്ഷണം നടത്തിയത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഈ കണങ്ങൾ സഞ്ചരിക്കുന്ന അതേവഗതയിൽ കണങ്ങളെ സഞ്ചരിപ്പിച്ചാണ് ഇവർ പരീക്ഷണം നടത്തിയത്. വ്യത്യസ്ത തരത്തിലുള്ള മാസ്‌കുകളിലൂടെ എങ്ങനെ ഈ കണങ്ങൾ കടന്നു പോകുന്നു എന്ന പരീക്ഷണമായിരുന്നു നടത്തിയത്. ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന മാസ്‌കുകൾക്ക് പുറമേ ഹാൻഡ് കർച്ചീഫ്, ടവൽ, സർജിക്കൽ മാസ്‌ക് എന്നിവയും ഇതിനായി ഉപയോഗിച്ചു.

കോട്ടൺ തുണികൾ ചുരുങ്ങിയത് മൂന്നു ലയറുകൾ എങ്കിലും ഉണ്ടെങ്കിൽ ഈ കണങ്ങളെ തടയുവാൻ ഫലപ്രദമാണെന്നാണ് തെളിഞ്ഞത്. അതുപോലെ ഉപയോഗത്തിനു ശേഷം ഈ മാസ്‌കുകൾ അലക്കിയാലും ഇതിന്റെ കാര്യക്ഷമതയിൽ കാര്യമായ കുറവുണ്ടാകുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.