ന്യൂഡൽഹി: പട്ടിക വിഭാഗങ്ങൾക്കു സ്ഥാനക്കയറ്റത്തിലും സംവരണം അനുവദിച്ചുള്ള വിധി പുനഃപരിശോധിക്കില്ലെന്നും അതു നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ഥാനക്കയറ്റത്തിൽ സംവരണം നടപ്പാക്കുന്നതിൽ നേരിടുന്ന പ്രശ്‌നങ്ങൾ രേഖാമൂലം 2 ആഴ്ചയ്ക്കകം അറ്റോർണി ജനറലിനു (എജി) ലഭ്യമാക്കാൻ ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോടു വീണ്ടും നിർദ്ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട 133 ഹർജികളാണ് 3 അംഗ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. കേസ് അടുത്ത മാസം 5ന് പരിഗണിക്കാൻ മാറ്റി. നേരിടുന്ന പ്രശ്‌നങ്ങൾ എജി: കെ.കെ. വേണുഗോപാലും ഏതാനും സംസ്ഥാനങ്ങളും കോടതിയെ അറിയിച്ചിരുന്നു. പട്ടിക വിഭാഗങ്ങൾക്കു സ്ഥാനക്കയറ്റത്തിൽ സംവരണം നൽകണമെന്നുണ്ടെങ്കിൽ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന കണക്കുകൾ വേണമെന്ന് 2006 ൽ എം.നാഗരാജ് കേസിലെ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

സ്ഥാനക്കയറ്റത്തിൽ സംവരണം നടപ്പാക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉള്ളതിനാൽ നാഗരാജ് കേസിലെ വിധിയെക്കുറിച്ചു കോടതിയുടെ വ്യാഖ്യാനം ആവശ്യമാണെന്നു എജി പറഞ്ഞു. വകുപ്പുകളുടെ പ്രവർത്തനം സ്തംഭിക്കരുതെന്നു കരുതി സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ അടുത്തകാലത്ത് 1400 താൽക്കാലിക സ്ഥാനക്കയറ്റങ്ങൾ നൽകിയിട്ടുണ്ട്. അതു തന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

ഭരണഘടനയുടെ 16(4), 16(4)(എ) വകുപ്പുകൾ വ്യാഖ്യാനിച്ചു നിയമമെന്താണെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതിൽ കൂടുതലായി നയമെന്തെന്നു പറയാനാവില്ല. നയം നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളാണ്. വകുപ്പുകൾ വ്യാഖ്യാനിച്ചുള്ള വിധികളുടെ പുനഃപരിശോധന ആവശ്യമില്ലെന്നാണ് എജിയുടെയും നിലപാടെന്നു കോടതി പറഞ്ഞു.