തലശേരി: ധർമ്മടം മേലൂരിൽ സിപിഎം.ബിജെപി.പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ  രണ്ട് പേർക്ക് വെട്ടേറ്റ സംഭവത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കി. ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലൂരിൽ സിപിഎം.ബിജെപി.പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ട് പേർക്ക് വെട്ടേറ്റ സംഭവത്തിൽ പൊലിസ് ചിലരെ കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന.

വെട്ടേറ്റ സാരമായി പരിക്കേറ്റ ബിജെപി.പ്രവർത്തകനായ മേലൂരിലെ പി. ധനരാജിന് (33) കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി. കൊടുവാൾ കൊണ്ടുള്ള വെട്ട് തടയുന്നതിനിടെയിൽ കൈക്ക് പരിക്കേറ്റ നിലയിൽ സിപിഎം.പ്രവർത്തകനായ  മേലൂരിലെ സി.മനീഷിനെ (37) തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.തിങ്കളാഴ്‌ച്ച രാത്രിയോടെയാണ് സംഭവം.ധനരാജ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സോജയുടെ വീട്ടിൽ കയറി മകൻ  ചേനാമ്പേത്ത് മനീഷിനെ അക്രമിച്ചുവെന്നാണ് പരാതി.

ഇതിനെ തുടർന്ന് ധനരാജിനെ സംഘടിതരായ സിപിഎം പ്രവർത്തകർ വെട്ടിപ്പരുക്കേൽപ്പിച്ചുവെന്നാണ് പൊലിസ് പറയുന്നത്.സിപിഎം ശക്തികേന്ദ്രമാണ് മേലൂരെങ്കിലും പാലയാട്, വെള്ളൊഴുക്ക് തുടങ്ങിയ സ്ഥലങ്ങൾ. ആർ.എസ്.എസ് സ്വാധീന പ്രദേശങ്ങളാണ്. ഒരു കാലത്ത് നിരന്തരം സംഘർഷം നടന്ന പ്രദേശമാണ് മേലൂർ വർഷങ്ങൾക്ക് മുൻപ് മേലൂരിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ വെട്ടേറ്റു കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ രണ്ട് കേസുകൾ ധർമ്മടം പൊലീസ് രജിസ്ട്രർ  ചെയ്തിട്ടുണ്ട്. സിപിഎം.പ്രവർത്തകനായ മനീഷ് രാഷ്ട്രീയ അക്രമ കേസുകൾക്ക് പുറമേ മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, മനീഷിനെ വീട്ടിൽ കയറി അക്രമിച്ചതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ബിജെപി.നേതൃത്വം ആരോപിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് അക്രമത്തിൽ പരുക്കേറ്റ ധനരാജിനെ ഹരിദാസ് സന്ദർശിച്ചു. സി. പി.എമ്മിലെ ആഭ്യന്തര കുഴപ്പം മറച്ചുവയ്ക്കാനാണ് അക്രമം അഴിച്ചുവിടുന്നതെന്നും ഹരിദാസ് ആരോപിച്ചു. അക്രമം പടരാതിരിക്കാനും, സമാധാന അന്തരീക്ഷം നിലനിർത്താനും ധർമ്മടം പൊലീസ് സ്റ്റേഷനിൽ ബുധനാഴ്‌ച്ച വൈകീട്ട് അഞ്ചിന് സമാധാന കമ്മറ്റി യോഗം പൊലീസ് സാന്നിദ്ധ്യത്തിൽ നടക്കും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും