കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് രണ്ടാം ഡോസെന്റെ പത്തിരട്ടി പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് ഇസ്രയേലിൽ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. ടെൽ അവീവിന് സമീപമുള്ള രാമത് ഗാനിലെ ഷെബ മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവിടെയുള്ള ജീവനക്കാരിൽ രണ്ടാം ഡോസിനും മൂന്നാം ഡോസിനും ശേഷം രൂപപ്പെട്ട ആന്റിബോഡികളുടെ അളവുകൾ താരതമ്യം ചെയ്തുകൊണ്ടുള്ള പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

ഇസ്രയേൽ പ്രധാനമായും നൽകുന്ന ഫൈസർ വാക്സിൻ എടുത്തവരിലായിരുന്നു പഠനം നടത്തിയത്. പത്തിരട്ടി അധിക പ്രതിരോധ ശേഷിയാണ് മൂന്നാം ഡോസിനു ശേഷം കണ്ടെത്തിയത്. ഈ പഠനം നടത്തിയത് ഒരേയൊരു ആശുപത്രിയിലെ ജീവനക്കാരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണെങ്കിലും വ്യാപകമായ പ്രസക്തി ഇതിനുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ പഠനത്തിന്റെ പലം ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രതിരോധശേഷി എത്രനാൾ നീണ്ടുനിൽക്കും എന്നതറിയുവാൻ ജീവനക്കാരെ ഇനിയും നിരീക്ഷിച്ചുകൊണ്ടിരിക്കും എന്നും ഗവേഷകർ പറഞ്ഞു.

ആന്റിബോഡികൾ എന്നാൽ കോവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ ഒരു ഭാഗം മാത്രമാണ്. ടി കോശങ്ങൾ എന്നറിയപ്പെടുന്ന ശ്വേതരക്താണുക്കളും ഇതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ബ്രിട്ടനിൽ 50 വയസ്സിനു മുകളിലുള്ള 30 മില്ല്യൺ ആളുകൾക്ക് വാക്സിന്റെ മൂന്നാം ഡോസ് നൽകുവാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനു തൊട്ടുപുറകെയാണ് ഈ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ലോകത്തിൽ തന്നെ മൂന്നാം ഡോസ് നൽകുന്ന പദ്ധതി ആദ്യമായി നടപ്പിലാക്കിയ രാജ്യമാണ് ഇസ്രയേൽ 60 വയസ്സിനു മുകളിലുള്ളവർക്കായിരുന്നു ആദ്യം നൽക്കിയത് പിന്നീട് അത് 12 വയസ്സിനു മുകളിലുള്ള എല്ലാവർക്കുമായി വ്യാപിപ്പിച്ചു.

എന്നാൽ, ബ്രിട്ടനിൽ യുവാക്കൾക്ക് മൂന്നാം ഡോസ് നൽകുന്നതിനെ കുറിച്ച് ഇതുവരെ ആലോചനയില്ല. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് പ്രതിരോധശേഷി അധികമായി ഉണ്ടെന്നാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേലിൽ ഇതുവരെ 3 മില്യൺ ആളുകൾക്ക് മൂന്നാം ഡോസ് നൽകിക്കഴിഞ്ഞു. വാക്സിന്റെ ഒന്നാം ഡോസിലും രണ്ടാം ഡോസിലും ലോകത്തിൽ മുൻപന്തിയിൽ നിന്ന രാജ്യമായിരുന്നു ഇസ്രയേൽ. അതിവേഗമുള്ള വാക്സിൻ പദ്ധതി ഇസ്രയേലിന് ലോക പ്രശംസ നേടിക്കൊടുക്കുകയും ചെയ്തിരുന്നു.