- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് മെഡിക്കൽ കോളേജുകളിൽ 14.09 കോടി രൂപയുടെ 15 പദ്ധതികൾ; ഉദ്ഘാടനം 17ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കൽ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ 17ന് വൈകുന്നേരം 3 മണിക്ക് ഓൺലൈൻ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതികൾ സജ്ജമാക്കിയിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ വിവിധ പദ്ധതികളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ ഇവിടങ്ങളിലെത്തുന്ന ജനങ്ങൾക്ക് കൂടുതൽ സേവനം ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം
തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ 65 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മോഡുലാർ ഓപ്പറേഷൻ തീയറ്ററിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. എസ്.എ.ടി. ആശുപത്രിയിൽ പീഡിയാടിക്കാർഡിയാക് സർജറി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികൾക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് സ്ഥാപിച്ചത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് കുട്ടികൾക്ക് മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയ തീയറ്റർ സ്ഥാപിച്ചത്. 65 ലക്ഷം രൂപയുടെ മോഡുലാർ തീയേറ്ററും മൂന്നു കോടി രൂപയുടെ അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ നാലു കോടി 22 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കാർഡിയാക് സർജറി യൂണിറ്റ് യാഥാർത്ഥ്യമാക്കിയത്.
എറണാകുളം
എറണാകുളം മെഡിക്കൽ കോളേജിൽ 8 പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 25 കോടി രൂപ ചെലവിൽ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ സ്ഥാപിക്കപ്പെടുന്ന ഇമേജിങ് സെന്ററിന്റെ ഭാഗമായി 1 കോടി 69 ലക്ഷം രൂപ ചെലവിൽ സ്തനാർബുദ രോഗ പ്രതിരോധത്തിന് മുതൽക്കൂട്ടാവുന്ന ഡിജിറ്റൽ മാമോഗ്രാഫി മെഷീൻ, 20 ലക്ഷം രൂപ ചെലവിൽ കൊറോണ രോഗികൾക്ക് പ്ലാസ്മ തെറാപ്പി നൽകാൻ ഉതകുന്ന അഫേറിസിസ് മെഷീൻ, 50 ലക്ഷം രൂപ ചെലവിൽ ടൈലുകൾ പാകിയും ഭിന്നശേഷികാർക്കും മുതിർന്ന പൗരന്മാർക്കും പ്രയോജനകരമാകുന്ന ടൊയ്ലറ്റുകൾ സ്ഥാപിച്ച് നവീകരിച്ച 20 പേ വാർഡ് മുറികൾ, 40.31 ലക്ഷം രൂപ ചെലവിൽ വാങ്ങിയ ആധുനിക ഐ.സി.യു ആംബുലൻസ്, 5 കോടി രൂപ ചെലവിൽ നിർമ്മിച്ച 8 ഡോക്ടേഴ്സ് ഫാമിലി ക്വാർട്ടേഴ്സ്, 52.80 ലക്ഷം രൂപ ചെലവിൽ ക്യാമ്പസിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് വിളക്കുകൾ ഉൾപ്പെടെയുള്ള വിപുലമായ സ്ട്രീറ്റ് ലൈറ്റ് സംവിധാനം, 92 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ഓക്സിജൻ ജനറേറ്റർ പ്ലാന്റ്, ആർദ്രം പദ്ധതിയുടെ ഭാഗമായി നവീകരിച്ച കാരുണ്യ ഫാർമസി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
ഇടുക്കി മെഡിക്കൽ കോളേജ്
ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10 ലക്ഷം രൂപ ചെലവഴിച്ചുള്ള 82 കിടക്കകളുള്ള ഓക്സിജൻ പൈപ്പ് ലൈൻ സിസ്റ്റം, 41 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരിച്ച ആർ.ടി.പി.സി.ആർ ലാബ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
തൃശൂർ മെഡിക്കൽ കോളേജ്
തൃശൂർ മെഡിക്കൽ കോളേജിൽ 1.87 കോടി രൂപ മുടക്കി ഒക്സിജൻ പ്ലാന്റ്, 73 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം, 70 ലക്ഷം രൂപയ്ക്ക് സ്ഥാപിച്ച സ്റ്റീരിയോടാക്റ്റിക് ന്യൂറോ സർജറി ഫ്രെയിം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിലെ പല അസുഖങ്ങൾക്കും കൃത്യതയോടെ ചികിത്സ നൽകാൻ സാധിക്കുന്ന നൂതന ശസ്ത്രക്രിയ സംവിധാനമാണ് സ്റ്റീരിയോടാക്റ്റിക് ന്യൂറോ സർജറി ഫ്രെയിം.
കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ 38.62 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച കോംബ്രഹെൻസീവ് ലാക്റ്റേഷൻ മാനേജ്മെന്റ് സെന്ററിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ആദ്യത്തെ സംരംഭമാണിത്. സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരിൽ നിന്നും മുലപ്പാൽ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കൾക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാൽ വിതരണം ചെയ്യുന്ന ഒരു സേവനമാണിത്. സ്വീകർത്താവായ ശിശുക്കൾക്ക് ജീവശാസ്ത്രപരമായി യാതൊരുവിധ ബന്ധവുമില്ലാത്ത മുലയൂട്ടുന്ന അമ്മമാർ സംഭാവന ചെയ്യുന്നതാണ് ഈ മുലപ്പാൽ. അമ്മമാരുടെ പകർച്ചവ്യാധികൾ, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾ, വെന്റിലേറ്ററിലുള്ള അമ്മമാർ തുടങ്ങി വിവിധ കാരണങ്ങളാൽ കുഞ്ഞിന് സ്വന്തം മുലപ്പാൽ നൽകാൻ കഴിയാത്ത അമ്മമാർക്ക് മിൽക്ക് ബാങ്ക് ഒരു പരിഹാരമാകുകയാണ്.