കൊല്ലം: ജീവനറ്റ ഗർഭസ്ഥ ശിശുവിനെയും ഉദരത്തിൽ പേറി ഗർഭിണി കയറി ഇറങ്ങിയത് മൂന്ന് സർക്കാർ ആശുപത്രികളിൽ. കടുത്ത വേദനയെ തുടർന്ന് മൂന്ന് ആശുപത്രികളിൽ കയറി ഇറങ്ങിയെങ്കിലും ചികിത്സ ലഭിക്കാതിരുന്ന യുവതി അനുഭവിച്ചത്് കൊടുംയാതന. ഒടുവിൽ എട്ട് മാസം ഗർഭിണിയായ യുവതി നാലു ദിവസത്തിനു ശേഷം കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനറ്റ കുഞ്ഞിനെ പ്രസവിക്കുക ആയിരുന്നു.

മൂന്ന് ആശുപത്രികളും മടക്കി അയച്ചതോടെ എട്ട് മാസം ഗർഭിണിയായ യുവതി നാലു ദിവസത്തിനു ശേഷം കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനറ്റ തന്റെ പൊന്നോമനയെ പ്രസവിക്കുക ആയിരുന്നു. പാരിപ്പള്ളി കുളമട കഴുത്തുമൂട്ടിൽ താമസിക്കുന്ന, കല്ലുവാതുക്കൽ പാറ പാലമൂട്ടിൽ വീട്ടിൽ മിഥുന്റെ ഭാര്യ മീരയാണ് (23) ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം തീരാവേദന അനുഭവിക്കേണ്ടി വന്നത്.

പരവൂർ നെടുങ്ങോലം രാമറാവു മെമോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവിടങ്ങളിലാണു മീരയും ഭർത്താവും ദിവസങ്ങളോളം ചികിത്സയ്ക്കായി കയറിയിറങ്ങിയത്. എന്നാൽ യാതൊരു അലിവും കാണിക്കാതെ മൂന്ന് ആശുപത്രികളും മീരയെ ഒഴിവാക്കുക ആയിരുന്നു. ഗർഭാരംഭം മുതൽ രാമറാവുവിലായിരുന്നു ചികിത്സ. വയറുവേദന കാരണം ഈ മാസം 11ന് അവിടെ എത്തിയപ്പോൾ വിക്ടോറിയയിലേക്കു റഫർ ചെയ്തു.

കൂട്ടിരിപ്പിന് സ്ത്രീ ഇല്ല എന്ന കാരണത്താൽ അവിടെ അഡ്‌മിറ്റ് ചെയ്തില്ല. പകരം എസ്എടിയിലേക്കു റഫർ ചെയ്തു. വേദന അൽപം കുറഞ്ഞതിനാൽ വീട്ടിലേക്കു മടങ്ങിയ ദമ്പതികൾ 13ന് എസ്എടിയിലെ അത്യാഹിത വിഭാഗത്തിലെത്തി. അവിടെ ഡോക്ടർ പരിശോധിക്കുക പോലും ചെയ്തില്ലെന്നു മീരയും മിഥുനും പറയുന്നു.

അസ്വസ്ഥത രൂക്ഷമായതോടെ 15നു പുലർച്ചെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്‌കാൻ ചെയ്തപ്പോഴാണു കുഞ്ഞിന് അനക്കമില്ലെന്നു കണ്ടത്. ജീവനറ്റ കുഞ്ഞിനെ അരമണിക്കൂറിനുള്ളിൽ പ്രസവിച്ചു. മൃതദേഹത്തിന് അഞ്ചോ ആറോ ദിവസം പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.