മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിലൊന്നായ ദൃശ്യം ഇന്തൊനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നു. സിനിമയുടെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനോടകം നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ചിത്രത്തിന്റെ നേട്ടം മറ്റൊരു സിനിമയ്ക്കും അവകാശപ്പെടാനില്ലാത്ത ഒന്നാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

'ഇന്തൊനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി 'ദൃശ്യം' മാറിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. ജക്കാർത്തയിലെ 'ജഠ എമഹരീി' കമ്പനിയാണ് ചിത്രം ഇന്തൊനേഷ്യയിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യൻ ഭാഷകളിലും 2 വിദേശ ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും 'ദൃശ്യ'മാണ്. മോഹൻലാൽ സർ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, 'ദൃശ്യം' ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചു മുന്നേറുമ്പോൾ, ഈ ചിത്രം നിർമ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങൾ ഓരോരുത്തരുമായും ഈ നിമിഷത്തിൽ പങ്കു വെക്കുന്നു.' ആന്റണി കുറിച്ചു.

ആദ്യ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ ദൃശ്യം 2 ഈ വർഷം ആദ്യമാണ് റിലീസായത്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.