കണ്ണൂർ: വ്യാഴാഴ്ചത്തെ സന്ധ്യ കഥാകാരൻ ടി. പത്മനാഭന് സന്തോഷം നിറഞ്ഞതായിരുന്നു. തന്റെ പ്രിയപ്പെട്ട കഥയിലെ നായിക ദൃശ്യസാന്നിധ്യമായി അദ്ദേഹത്തിന് മുന്നിലെത്തി. 'ഞാൻ മനസ്സിലും കഥയിലും കൊണ്ടുനടന്ന കുട്ടിതന്നെ'- കഥാപാത്രത്തെ നോക്കി ചിരിച്ചുകൊണ്ട് കഥാകാരൻ പറഞ്ഞു. ടി. പത്മനാഭന്റെ കഥ 'പ്രകാശം പരത്തുന്ന പെൺകുട്ടി'യുടെ സിനിമാ ഷൂട്ടിങ്ങിനിടെയാണ് സംവിധായകൻ ജയരാജ്, അഭിനേതാക്കളായ മീനാക്ഷി, ആൽവിൻ, ആദിത്യ, അമ്പാടി തുടങ്ങിയവരുൾപ്പെട്ട സംഘം അദ്ദേഹത്തെ കാണാൻ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്.

സംവിധായകനും ടി.വി. പ്രേക്ഷകരുടെ പ്രിയതാരമായ മീനാക്ഷിയുമൊക്കെ എത്തുന്നതറിഞ്ഞ് അയൽവാസികളും മാധ്യമപ്രവർത്തകരും വീട്ടിലെത്തിയിരുന്നു. 94-ാം വയസ്സിൽ ഒരു സിനിമയ്ക്കിടയിൽ നിൽക്കുമ്പോൾ സംതൃപ്തിയുണ്ട്. മീനാക്ഷിക്കും വിസ്മയം. ആദ്യമാണ് ഈയൊരനുഭവം. 'വലിയ എഴുത്തുകാരനെ കാണാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ കഥയിലെ കഥാപാത്രമായി അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി'- മീനാക്ഷി പറഞ്ഞു.

സന്തോഷം പങ്കുവയ്ക്കാൻ ടി. പത്മനാഭൻ എല്ലാവർക്കും മധുരം നൽകി. നല്ല പഴപ്രഥമൻ തന്നെ. നായികയ്ക്ക് പുസ്തകം സമ്മാനമായും നൽകി. 'പപ്പേട്ടന്റെ കഥകൾ സിനിമയാക്കുക പ്രശ്‌നമാണ്. പലപ്പോഴും കഥയുടെ അന്തരീക്ഷം ഇളിക്കിമാറ്റാൻ പറ്റാത്തതാണെങ്കിലും സൂക്ഷ്മമായി വായിക്കുമ്പോൾ അതിമനോഹരമായ വിഷ്വൽ ഫ്രെയിം തുറന്നുവരും'- സംവിധായകൻ ജയരാജ് പറഞ്ഞു.