മാങ്കുളം: പട്ടികവർഗ കോളനികളിൽ ഇന്റർനെറ്റ് സേവനത്തിന് മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ ഭൂമി നൽകാനുള്ള തീരുമാനവുമായി സർക്കാർ. ടവറുകൾ സ്ഥാപിക്കാൻ ഭൂമി കിട്ടാത്തതുമൂലം ഭൂരിഭാഗം കോളനികളിലും ഓൺലൈൻ പഠനം മുടങ്ങിയിരുന്നു. സംസ്ഥാനത്ത് 476 കോളനിയിലാണ് മൊബൈൽ ടവറുകൾ സ്ഥാപിക്കേണ്ടത്. കൂടുതൽ ഇടുക്കി ജില്ലയിലാണ്.

കഴിഞ്ഞദിവസത്തെ മന്ത്രിസഭാതീരുമാനം വന്നതോടെ ഈ പ്രതിസന്ധിക്ക് അറുതിയായിരിക്കുന്നത്. വനത്തോടുചേർന്നുള്ള കോളനികളിൽ ഇന്റർനെറ്റ് സേവനം എത്തിക്കുന്നത് ഏറെ ദുഷ്‌കരമാണ്. വനഭൂമിയായതിനാൽ വനംവകുപ്പിന്റെ അനുമതിയില്ലാതെ ടവർ സ്ഥാപിക്കാനോ കേബിളിന് കുഴിയെടുക്കാനോ സാധിക്കില്ല. ഇതുമൂലം മാസങ്ങളായി ഓൺലൈൻ പഠനം പേരിനുമാത്രമായിരുന്നു.

ഇന്റർനെറ്റ് സേവനം എത്താത്ത 1034 കോളനിയാണ് സംസ്ഥാനത്തുള്ളത്. എന്നാൽ, മൊബൈൽസേവന കമ്പനികൾ ഐ.ടി. മിഷന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ ഇതിൽ 558 കോളനിയിൽ പലവിധത്തിൽ ഇന്റർനെറ്റ് എത്തിക്കാൻ കഴിയുമെന്ന് കണ്ടെത്തി.

ശേഷിക്കുന്ന 476 കോളനിയിൽ ടവർ സ്ഥാപിക്കണമെന്നും റിപ്പോർട്ട് നൽകി. ഇതിന് നടപടികൾ തുടങ്ങിയപ്പോഴാണ് ഭൂമി കിട്ടാത്ത വിഷയം ഉയർന്നത്. മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് സർക്കാർ വകുപ്പുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ കൈവശമുള്ള ഭൂമി ടവർ സ്ഥാപിക്കാൻ 5000 രൂപ വാടക നൽകി വിട്ടുനൽകാനാണ് നിർദ്ദേശം. ജില്ലാ കളക്ടർമാർക്ക് ഇതിന്റെ ചുമതലയും നൽകി.

പോസ്റ്റുകളിൽക്കൂടി കേബിൾ വലിക്കാൻ വാടക നൽകേണ്ട. കേബിളിടുന്നതിന് കുഴിയെടുക്കാൻ വനംവകുപ്പിന്റെ അനുമതി ആവശ്യമായാൽ മൂന്നുദിവസംകൊണ്ട് നൽകണം. സർക്കാർതീരുമാനം സംബന്ധിച്ച് ഉത്തരവിറങ്ങുന്ന മുറയ്ക്ക് കോളനികളിൽ ഇന്റർനെറ്റ് സേവനം എത്തിക്കാൻ നടപടികൾ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.