ന്യൂസൗത്ത് വെയിൽസ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകി തുടങ്ങി. എന്നാൽ ബ്ലൂ മൗണ്ടെയ്ൻസ്, വൊലോംഗ്ഗോംഗ് ഉൾപ്പടെയുള്ള ഗ്രെയ്റ്റർ സിഡ്‌നി മേഖലയിൽ 'സ്റ്റേ അറ്റ് ഹോം' നിർദ്ദേശം തുടരുകയാണ്.

വാക്സിൻ സ്വീകരിച്ചവർക്ക് സെപ്റ്റംബർ 13 മുതൽ ആണ് ഒത്തുചേരലുകളിൽ ഇളവുകൾ നൽകിയത്.രോഗബാധ കൂടുതലുള്ള 12 പ്രാദേശിക കൗൺസിൽ മേഖലകൾക്ക്പുറത്തുള്ള അഞ്ച് പേർക്ക് കെട്ടിടത്തിന് പുറത്ത് ഒത്തുചേരാം. എന്നാൽ ഇവർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. അഞ്ച് കിലോമീറ്റര് പരിധിയും ഇവർക്ക് ബാധകമാണ്.

ഈ 12 പ്രാദേശിക കൗൺസിൽ മേഖലകളിൽ ഉള്ള വാക്സിൻ സ്വീകരിച്ചവർക്ക് ഉല്ലാസത്തിനായും മറ്റും കെട്ടിടത്തിന് പുറത്ത് ഒരു മണിക്കൂർ ഒത്തുചേരാം. അഞ്ച് കിലോമീറ്റർ പരിധി ഇവർക്കും ബാധകമാണ്.വ്യായാമത്തിനായി അനുവദിച്ചിരിക്കുന്ന ഒരു മണിക്കൂറിന് പുറമെയാണിത്. അതേസമയം ഒത്തുചേരുന്നവരുടെ കൈവശം വാക്സിൻ സ്വീകരിച്ചതിന്റെ തെളിവ് ഉണ്ടായിരിക്കണം.

ഗ്രെയ്റ്റർ സിഡ്നിയിലാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് ഹോം ക്വാറന്റൈൻ പദ്ധതി പരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ളവർ, ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരല്ലാത്തവർ കൂടാതെ ക്വാണ്ടസ് ക്രുവിനെയുമാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതി ന്യൂ സൗത്ത് വെയിൽസും ഫെഡറൽ സർക്കാരും ചേർന്നായിരിക്കും നടപ്പിലാക്കുക എന്ന് പ്രധാന മന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു.ഏഴ് ദിവസത്തെ ഹോം ക്വറന്റൈൻ പദ്ധതി 175 പേരിൽ പരീക്ഷിക്കാനാണ് ഉദേശിക്കുന്നത്.കൂടാതെ ക്വാറന്റൈൻ ചെയ്യുന്ന കാലയളവിലും മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ 14 ദിവസമാണ് ക്വാറന്റൈൻ. ഇത് ഏഴ് ദിവസമാക്കി കുറച്ചിട്ടുണ്ട്. അതായത് പദ്ധതിയിൽ പങ്കാളികളാകുന്നവർ ഏഴ് ദിവസം ഹോം ക്വാറന്റൈൻ ചെയ്താൽ മതി.