സൗദി: രാജ്യത്ത് കോവിഡ് പ്രതിരോധ നടപടികൾ ആവർത്തിച്ച് ലംഘിക്കുന്നവർക്ക് മുന്നറിയിപ്പുമായി സൗദി. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ ആവർത്തിച്ച് ലംഘിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

സാമൂഹിക അകലം പാലിക്കാതിരിക്കൽ, സ്വകാര്യ, സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുമ്പോൾ ശരീര ഊഷ്മാവ് പരിശോധിക്കാൻ വിസമ്മതിക്കൽ എന്നിവ മുൻകരുതൽ, പ്രതിരോധ നടപടികളുടെ ലംഘനമായി കണക്കാക്കും.

ഇത്തരം നിയമ ലംഘനങ്ങൾക്ക് ആദ്യ തവണ ആയിരം റിയാലും ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴയുമാണ് ചുമത്തുക. നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് പരമാവധി ഒരു ലക്ഷം റിയാൽ വരെയാണ് പിഴ ചുമത്തുക.