- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസമേഖലയെ ലക്ഷ്യംവെയ്ക്കുന്ന ഭീകരവാദ അജണ്ടകൾ നിസ്സാരവൽക്കരിക്കരുത്: ഷെവലിയർ വി സി. സെബാസ്റ്റ്യൻ
കോട്ടയം: കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ലക്ഷ്യംവെയ്ക്കുന്ന ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ അജണ്ടകൾ നിസ്സാരവൽക്കരിക്കരുതെന്നും ഭരണമുന്നണിയിലെ പ്രമുഖ കക്ഷിതന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നത് ഗൗരവമായിട്ടെടുത്ത് അടിയന്തര ഇടപെടലുകളുണ്ടാകണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ പറഞ്ഞു.
ഭീകരവാദപ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസമേഖലയിലെ കൈകടത്തലിനെക്കുറിച്ച് കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനിടയിൽ പലതവണ സിബിസിഐ ലെയ്റ്റി കൗൺസിൽ ആവർത്തിച്ചു സൂചിപ്പിച്ചപ്പോൾ പലരും അവഗണിച്ചു. ക്രൈസ്തവ സഭ ഭീകരവാദത്തിനെതിരെ പ്രതികരിക്കുമ്പോൾ വർഗീയതയും രാഷ്ട്രീയ പാർട്ടികൾ ഭീകരവാദത്തിനെതിരെ മുന്നറിയിപ്പു നൽകുമ്പോൾ മതേതരത്വമെന്നും പറയുന്നത് വിരോധാഭാസമാണ്. മയക്കുമരുന്നിന്റെ മറവിലുള്ള ഭീകരവാദത്തെക്കുറിച്ച് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് സൂചിപ്പിക്കുന്നതാണ് വിദ്യാഭ്യാസമേഖലയിലെ തീവ്രവാദത്തിനെതിരെ സിപിഎം പുറത്തിറക്കിയിരിക്കുന്ന രേഖകളുംകുറിപ്പുകളും. യുഡിഎഫ് നേതൃത്വവും ഇതര രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ അടവുനയവും വർഗീയ പ്രീണനവും ഒഴിവാക്കി പൊതുസമൂഹത്തിനു മുമ്പാകെ നിലപാട് വ്യക്തമാക്കാൻ ബാധ്യസ്ഥരാണ്. മയക്കുമരുന്നിന്റെയും രാസലഹരിയുടെയും താവളങ്ങളായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ഒരിക്കലും വിട്ടുകൊടുക്കരുത്.
ഓരോ വർഷവും നഷ്ടപ്പെടുന്ന കേരളത്തിലെ യുവതികളുടെയും കുട്ടികളുടെയും കണക്കുകൾ ഉയരുന്നത് ചോദ്യചിഹ്നമാണ്. ഏറെ ആസൂത്രിതമായ ദീർഘകാല അജണ്ടകൾ കേരളത്തിലെ വിദ്യാഭ്യാസമേഖലയെ കേന്ദ്രീകരിച്ച് ഭീകരവാദപ്രസ്ഥാനങ്ങൾ രൂപം നൽകിയിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു. സ്വതന്ത്ര വിദ്യാർത്ഥി സംഘടനകൾ രൂപീകരിച്ച് ചില പ്രൊഫഷണൽ കോളജുകളിലെ വിദ്യാർത്ഥി യൂണിയനുകൾ ഇക്കൂട്ടർ പിടിച്ചടക്കിയിരിക്കുന്നത് ഇതിന്റെ ചില സൂചനകൾ മാത്രം.
വിദേശ രാജ്യങ്ങളിൽ നിന്ന് ഉന്നതവദ്യാഭ്യാസമേഖലയിലെ വിവിധ കോഴ്സുകളിലേയ്ക്കുള്ള അഡ്‌മിഷനുവേണ്ടി ഒരിക്കലുമില്ലാത്ത കുതിച്ചുചാട്ടമാണ് 2021-22 ലെന്ന് കേരള യൂണിവേഴ്സിറ്റിയുടേതായി 2021 ഓഗസ്റ്റ് 6 ന് മാധ്യങ്ങളിൽവന്ന കുറിപ്പിൽ പറയുന്നു. ലഭിച്ച 24044 ആപ്ലിക്കേഷനുകൾ പ്രധാനമായും ഇറാൻ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ. ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളതാണ്. കേരളത്തിൽ നിന്നും കുട്ടികൾ വിദേശത്തേയ്ക്കും ഇതര സംസ്ഥാനങ്ങളിലേയ്ക്കും ഉപരിപഠനത്തിനു പോകുമ്പോൾ കേരളത്തിലേയ്ക്ക് ഭീകരപ്രസ്ഥാനങ്ങളുടെ കേന്ദ്രങ്ങളായ രാജ്യങ്ങളിൽ നിന്ന് ഉപരിപഠനത്തിന് എത്തുന്നവരുടെ ലക്ഷ്യമെന്തെന്ന് വിലയിരുത്തപ്പെടണം. കാശ്മീരിൽ നിന്നും കേരളത്തിലെ കോളജുകളിൽ പഠിക്കുവാൻ എത്തിയിരിക്കുന്നവരെയും നിരീക്ഷണവിധേയരാക്കേണ്ടതുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ നിർണ്ണായക പങ്കാളിത്തവും ഉന്നതനിലവാരവും പുലർത്തുന്ന ക്രൈസ്തവ സ്ഥാപനങ്ങൾ വരുംനാളുകളിൽ ഈ തലങ്ങളിൽ നേരിടാനിരിക്കുന്ന വെല്ലുവിളികൾ ചെറുതായിരിക്കില്ലെന്നും ഏറെ മുൻകരുതലോടെ നീങ്ങണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.