- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാബൂൾ എയർപോർട്ട് ആക്രമണത്തിനു തിരിച്ചടി നൽകാൻ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണം അമ്പേ പരാജയപ്പെട്ടു; ഐസിസ് ഭീകരന്മാരെന്ന് പറഞ്ഞ് കൊന്നു തള്ളിയത് അമേരിക്കയെ സഹായിച്ച ആരോഗ്യ പ്രവർത്തകരെയും ഏഴു മക്കളേയും മറ്റു രണ്ട് കുട്ടികളേയും; മാപ്പും നഷ്ടപരിഹാരവുമായി അമേരിക്ക ഒടുവിൽ രംഗത്ത്
ഭീകരാക്രമത്തിൽ 13 സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിനു പുറമേ അമേരിക്കയെ നാണം കെടുത്തിക്കൊണ്ട് പ്രതിരോധമന്ത്രാലയം കുറ്റസമ്മതം നടത്തിയിരിക്കുന്നു.. കാബൂൾ വിമാനത്താവളത്തിലെ ആക്രമണത്തിന് പ്രതികാരമായി അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഐസിസ്-കെ ഭീകരർ അല്ലെന്നും ഒരു ആരോഗ്യ പ്രവർത്തകനും ഏഴു കുട്ടികൾ ഉൾപ്പടെ അയാളുടെ ഒമ്പത് കുടുംബാംഗങ്ങളാണ് ആ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും പെന്റഗൺ സ്ഥിരീകരിച്ചു.
അമേരിക്ക നടത്തിയ പ്രത്യാക്രമണം തീർത്തു വലിയൊരു തെറ്റായിപ്പോയി എന്ന് യു എസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ ഫ്രാങ്ക് മെക്കെൻസി പറഞ്ഞു. ആക്രമണത്തിൽ മരണമടഞ്ഞവർ ഐസിസ്- കെ ഭീകരരോ അമേരിക്കയ്ക്ക് മറ്റെന്തെങ്കിലും വിധത്തിൽ ഭീഷണിയായവരോ അല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കാബൂൾ വിമാനത്താവളത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകനായ സമേരി അഹമ്മദിയെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇയാളുടെ വാഹനത്തിൽ സാധനങ്ങൾ കയറ്റുന്നത് കണ്ട് അത് ആയുധങ്ങളെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, പിന്നീട് അവ വെള്ളത്തിന്റെ ജാറുകളാണെന്ന് തെളിഞ്ഞു.
ഡ്രോൺ ആക്രമണത്തിൽ വൻസ്ഫോടനം ഉണ്ടായതിനാൽ കാറിനകത്ത് സ്ഫോടക വസ്തുക്കളായിരുന്നു എന്നായിരുന്നു അമേരിക്ക വാദിച്ചിരുന്നത്. എന്നാൽ ഡ്രൈവ് വേയിൽ ഉണ്ടായിരുന്ന ഒരു പ്രൊപ്പെയ്ൻ ടാങ്കാണ് ഉഗ്ര സ്ഫോടനത്തിന് വഴിതെളിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തങ്ങളുടെ സൈനികരെ കൂടുതൽ ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത ആക്രമണമാണെന്നും അതിൽ മരിച്ച നിരപരാധികളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മാപ്പ് അപേക്ഷിക്കുന്നതായും മെക്കൻസി പറഞ്ഞു.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങൾ നൽകിയ വിവരവും അതുപോലെ പ്രാദേശിക തലത്തിൽ ശേഖരിച്ച വിവരവുമാണ് ആ കാർ 43 കാരനായ അഹമ്മദി എന്ന ആരോഗ്യ പ്രവർത്തകന്റെതാണെന്ന് തെളിയിച്ചത്. അമേരിക്കൻ സൈന്യത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു അഹമ്മദി. അയാളും അയാളുടെ ഒമ്പത് കുടുംബാംഗങ്ങളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വീട്ടിലേക്കുള്ള വഴിയിൽ കാർ നിർത്തി അതിൽ വെള്ളത്തിന്റെ ജാറുകൾ കയറ്റുന്നതിനിടയിലായിരുന്നു ആക്രമണം ഉണ്ടായത്. അപ്പോൾ അവിടെ അയാളുടേയും സഹോദരന്റെയും കുട്ടികൾ കളിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. തെറ്റായ ഈ ആക്രമണത്തിന് ഉത്തരവാദികൾ ആരെന്ന് കണ്ടെത്തിയോ എന്ന ചോദ്യത്തിന് അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു എന്നായിരുന്നു മെക്കൻസി മറുപടി പറഞ്ഞത്.
അടുത്ത ആക്രമണത്തിന് ഒരു വെളുത്ത ടൊയോട്ട കൊറോള കാർ ഭീകരർ ഉപയോഗിക്കും എന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. അഹമ്മദിയുടേതും ഒരു വെളുത്ത ടയോട്ട കൊറോള കാർ ആയിരുന്നു. അതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
മറുനാടന് ഡെസ്ക്