വാഷിങ്ടൺ ഡി.സി.: ജനുവരി 6ന് കാപ്പിറ്റോളിൽ നടന്ന ട്രമ്പ് റാലിയിൽ പങ്കെടുത്തവർ ക്കെതിരെ രാഷ്ട്രീയ പ്രതികാര നടപടികൾ സ്വീകരിക്കുമെന്നരോപിച്ച് സെപ്റ്റംബർ 18 ശനിയാഴ്ച കാപ്പിറ്റോളിൽ സംഘടിപ്പിക്കുന്ന റാലി റിപ്പബ്ലിക്കൻ വോട്ടർമാരുടെ ശക്തിപ്രകടനമായിരിക്കണമെന്ന് സെപ്റ്റംബർ 16 വ്യാഴാഴ്ച ട്രമ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജസ്റ്റിസ് ഫോർ ജോ.6 എന്നാണ് റാലി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

ജനുവരി ആറിന് നടന്ന റാലിയിൽ പങ്കെടുത്ത 600 ൽ പരം ആളുകളെ രാഷ്ട്രീയ തടവകുരെ പോലെയാണ് വിചാരണ ചെയ്യുന്നതെന്ന് ട്രമ്പ് കുറ്റപ്പെടുത്തി. അവർക്ക് നീതി ലഭിക്കണമെന്നും ട്രമ്പ് ആവശ്യപ്പെട്ടു.

തന്നിൽ നിന്നും തിരഞ്ഞെടുപ്പു വിജയം തട്ടിയെടുത്തുവെന്ന് ആരോപണം ആവർത്തിച്ചു ട്രമ്പ്, തന്നെ അനുകൂലിച്ച് വാഷിങ്ടൺ ഡി.സി.യിൽ പ്രകടനം നടത്തിയവരെ അഭിനന്ദിക്കുകയും അവരോട് ബൈഡൻ ഭരണകൂടം അനുവർത്തിക്കുന്ന പ്രതികാര നടപടികളെ അപലപിക്കുകയും ചെയ്തു.ഞങ്ങൾ നിങ്ങളോടൊപ്പം എന്നും ഉണ്ടായിരിക്കുമെന്ന് കേസ്സിൽ വിചാരണ നേരിടുന്നവർക്ക് ട്രമ്പ് ഉറപ്പു നൽകി.

ശനിയാഴ്ച നടക്കുന്ന റാലി നിയമപാലർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനുവരി 6ന് നടന്ന റാലിയിൽ പങ്കെടുത്ത ആഷ്ലി ബബിറ്റിനെ വെടിവെച്ചുകൊലപ്പെടുത്തിയ പൊലീസ് ഓഫീസറെ ഒരു ഘാതകനെന്നും, ആഷ്ലി ബബിറ്റിനെ രക്തസാക്ഷിയെന്നുമാണ് ട്രമ്പ് വിശേഷിപ്പിച്ചത്. ഇന്റലിജൻസ് റിപ്പോർട്ടനുസരിച്ചു നൂറുകണക്കിനാളുകൾ സെപ്റ്റംബർ 18 ലെ റാലിയിൽ പങ്കെടുക്കുമെന്നാണ് ചൂണ്ടികാണിക്കുന്നത്.