ബെംഗളൂരു: ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഒൻപതു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽകണ്ടെത്തിയത്. അതേസമയം അഴികി തുടങ്ങിയ മൃതദേഹങ്ങൾക്കൊപ്പം ഭക്ഷണമില്ലാതെ അഞ്ച് ദിവസം കഴിഞ്ഞ രണ്ടരവയസ്സുകാരിയെ അബോധാവസ്ഥയിൽ കണ്ടെത്തി.

കന്നഡ മാധ്യമപ്രവർത്തകനായ ശങ്കറിന്റെ ഭാര്യ ഭാരതി (51), മക്കളായ സിഞ്ചന (34), സിന്ധുറാണി (31), മധുസാഗർ (25) എന്നിവരുടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങളാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും ആത്മഹത്യാ കുറിപ്പോ മറ്റ് എന്തെങ്കിലും തെളിവുകൾക്കോ വേണ്ടി തിരച്ചിൽ നടത്തുകയാണെന്നും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സഞ്ജീവ് എം.പാട്ടീൽ പറഞ്ഞു. മൂന്ന്-നാല് ദിവസം കഴിഞ്ഞിട്ടും അയൽവാസികൾ സംഭവം അറിഞ്ഞില്ല എന്നതിന്റെ നിജസ്ഥിതി കണ്ടെത്താൻ ശ്രമിക്കും.

ഭാരതി, മക്കളായ സിഞ്ചന, സിന്ധുറാണി , മധുസാഗർ എന്നിവരെ വിവിധ മുറികളിലായി തൂങ്ങിമരിച്ച നിലയിലും സിന്ധുറാണിയുടെ പെൺകുഞ്ഞിനെ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് വെള്ളിയാഴ്ച രാത്രിയോടെ കണ്ടെത്തിയത്. സിന്ധുറാണിയുടെ 9 മാസം പ്രായമുള്ള മകൾ ഭക്ഷണം കിട്ടാതെ മരിച്ച നിലയിലാണ്. സിഞ്ചനയുടെ മകൾ പ്രേക്ഷയെ ആണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി. വീട്ടിൽ ഇല്ലാതിരുന്ന ശങ്കർ പലവട്ടം ഫോൺവിളിച്ചിട്ടും ആരും എടുക്കാത്തതിനെ തുടർന്നു തിരിച്ചെത്തിയപ്പോഴാണു മരണവിവരമറിഞ്ഞത്. മൃതദേഹങ്ങൾക്ക് 5 ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് അറിയിച്ചു.

കുടുംബവഴക്കിനെ തുടർന്നാണെന്ന് സംശയിക്കുന്നു. എന്നാൽ ഇത് ഉറപ്പിക്കാറായിട്ടില്ലെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. അമ്മയും മുത്തശ്ശിയും 9 മാസം പ്രായമുള്ള കുഞ്ഞനിയത്തിയും ഉൾപ്പെടെ മരിച്ചു വീണപ്പോൾ മൃതദേഹങ്ങൾക്കരികെ ഭക്ഷണമില്ലാതെ അഞ്ച് ദിവസം കഴിഞ്ഞ രണ്ടരവയസ്സുകാരി തളർന്ന് വീഴുകയായിരുന്നു.

ഭാരതിയുടെ ഭർത്താവും കന്നഡ മാധ്യമപ്രവർത്തകനുമായ ശങ്കർ കുറച്ചു ദിവസമായി വീട്ടിലില്ലായിരുന്നു. മൂന്നു ദിവസമായി വീട്ടിലാരും ഫോൺ എടുക്കാത്തതിനെ തുടർന്ന് തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പല മൃതദേഹങ്ങളും അഴുകി തുടങ്ങിയിരുന്നു.