- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിട്ടുന്ന പണം മുഴുവനും ഇടവകയിലെ നിർധനരായ കിടപ്പുരോഗികൾക്ക് ഊഴംവെച്ച് നൽകും; സെമിത്തേരിയിൽ കുഴിവെട്ടി പാവങ്ങളെ സഹായിച്ച് മണി
ഒല്ലൂർ: സെമിത്തെരിയിൽ കുഴിവെട്ടി കിട്ടുന്ന പണം മുഴുവനും പാവങ്ങളെ സഹായിക്കാനായി ചെലവിട്ട് നന്മയുടെ കാവലാളായി മണി. മരത്താക്കര പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരൻ മണിയാണ് നാട്ടുകാരുടെ മാണിക്യമായി മാറുന്നത്. മരത്താക്കര കോതോർകൂടാരത്തിൽ മണി (63) മുപ്പതുവർഷമായി സെമിത്തേരിയിലെ തൊഴിലാളിയാണ്.
ഇടവകയിൽ ഒരു മരണം നടന്നാൽ സംസ്‌കരിച്ച കുഴി തുറക്കുന്നതും പിന്നെ അടയ്ക്കുന്നതുമെല്ലാം മണിതന്നെ. എന്നാൽ ഈ തൊഴിലിൽനിന്ന് ലഭിക്കുന്ന പണം ഒട്ടും സ്വന്തമായി ഉപയോഗിച്ചിട്ടില്ല. ഈ അധ്വാനഫലം മുഴുവനും ഇടവകയിലെ നിർധനരായ കിടപ്പുരോഗികൾക്ക് ഊഴംവെച്ച് നൽകുകയാണ് പതിവ്.
തലോർ സി.എം.ഐ. ആശ്രമത്തിൽ ജോലിക്കാരനായിരുന്ന അച്ഛൻ ഭദ്രനാണ് മണിക്ക് ഈ തൊഴിലെടുക്കാൻ നിമിത്തമായത്. ഒല്ലൂർ, മുണ്ടൂർ, നെല്ലിക്കുന്ന് ഇടവകകളിലും മണി സെമിത്തേരിയിൽ ജോലിചെയ്തിട്ടുണ്ട്. മറ്റു നേരങ്ങളിൽ പറമ്പുപണിയും ചെയ്യും. ഇതിനുള്ള പ്രതിഫലം കൃത്യമായി വാങ്ങും. പള്ളിക്കു സമീപത്തെ ഷെഡ്ഡിലാണ് താമസം. വീട്ടിൽ പോകുന്നത് അപൂർവം. ഭാര്യയും മക്കളും മണിയെ പള്ളിയിൽ വന്ന് കാണുകയാണ് പതിവ്.
മണി മരത്താക്കര പള്ളിയിലെത്തിയിട്ട് വർഷം 13 കഴിഞ്ഞു. ഒരു കുഴിയെടുത്താൽ 500 രൂപ കിട്ടും. ചിലർ വേറെയും നൽകും. നിർധനരുടെ വീട്ടിലെ മരണമാണെങ്കിൽ ഒന്നും വാങ്ങാറില്ല. മദ്യപിക്കുന്ന ശീലമില്ല. പുകവലിയുമില്ല. സെയ്ന്റ് തോമസ് കോളേജിൽ പ്രീഡിഗ്രി കഴിഞ്ഞ് ലോഞ്ചിൽ കയറി ഗൾഫിലേക്ക് ജോലിതേടിപ്പോയെങ്കിലും നാലുമാസം കഴിഞ്ഞ് മടങ്ങിവന്നു. പിന്നീടാണ് കൂലിപ്പണിക്കിറങ്ങിയത്.