- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനത്തിനും ഉപജീവനത്തിനും അച്ഛന്റെ പാത പിന്തുടർന്ന് ഇസ്തിരിയിടൽ ജോലി ഏറ്റെടുത്തു; 41-ാം വയസ്സിൽ അമ്പിളിക്ക് ഡോക്ടറേറ്റ്
ഇരിങ്ങാലക്കുട: പഠനത്തിനും ഉപജീവനത്തിനുമായി ഇസ്തിരിയിടൽ ജോലി ചെയ്തിരുന്ന അമ്പിളിക്ക് 41ാം വയസ്സിൽ ഡോക്ടറേറ്റ്. കാരുകുളങ്ങര സ്വദേശി മാളേയക്കൽപറമ്പിൽ വീട്ടിൽ അമ്പിളിയാണു ജീവിത ദുരിതങ്ങളെ ആട്ടിയകറ്റി പിഎച്ച്ഡി സ്വന്തമാക്കിയത്. പഠിക്കാൻ മിടുക്കിയായിരുന്ന അമ്പിളിയുടെ 19-ാം വയസ്സിൽ അച്ഛൻ മരിച്ചതോടെയാണ് ജീവിതം വഴിമുട്ടിയത്. പഠനവും മുടങ്ങി. അമ്പിളിയും അമ്മയും തനിച്ചായി.
ജീവിക്കാൻ മറ്റുമാർഗമില്ലാതെ വന്നതോടെ ഉപജീവനത്തിനായി അച്ഛൻ ചെയ്തുകൊണ്ടിരുന്ന, വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന ജോലി ഏറ്റെടുത്തു. അപ്പോഴും പഠനം ഒരു വലിയ ആഗ്രഹമായി മനസ്സിൽ കിടന്നു. ഒമ്പത് വർഷങ്ങൾക്കു ശേഷം 2008ൽ കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പഠനത്തിനായി ചേർന്നു. 2013ൽ മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
പഠിക്കാൻ മിടുക്കിയായിരുന്ന അമ്പിളി ഇതിനിടെ ക്രൈസ്റ്റ് കോളജിൽ താൽക്കാലിക അദ്ധ്യാപികയായും പിന്നീട് സ്വാശ്രയ വിഭാഗത്തിൽ അദ്ധ്യാപികയായും ജോലി ലഭിച്ചു. ക്രൈസ്റ്റ് കോളജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന ഡോ. സെബാസ്റ്റ്യൻ ജോസഫ്, മലയാളം കോഓർഡിനേറ്റർ ഡോ. സി.വി.സുധീർ എന്നിവരുടെ പ്രോത്സാഹനം അമ്പിളിക്ക് ഊർജമായി.
2016ൽ മലയാളം ചെറുകഥയിൽ ഗവേഷണ വിദ്യാർത്ഥിയായി. തൃശൂർ കേരളവർമ കോളജിലെ മലയാളം വിഭാഗം മേധാവി ഡോ. എം.ആർ.രാജേഷിന്റെ കീഴിലായിരുന്നു ഗവേഷണം. അപ്പോഴും ഇസ്തിരിയിടുന്ന ജോലി തുടർന്നു.ക്രൈസ്റ്റ് കോളജിൽ ജോലി ലഭിച്ചതും മലയാളം വിഭാഗത്തിലെ അദ്ധ്യാപകരുടെ പിന്തുണയുമാണു തന്റെ ജീവിതത്തെ മാറ്റി മറിച്ചതെന്ന് അമ്പിളി പറയുന്നു.