ന്യൂഡൽഹി: കോവിഡ്-നിപ്പാ ഭീതികൾക്കിടെ ഡെങ്കിപ്പനിയുടെ കൂടുതൽ അപകടകാരിയായ ഡെൻവ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്. അതീവ ജാഗ്രത അനിവാര്യമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം വിലയിരുത്താൻ ചേർന്ന മന്ത്രാലയ ഉന്നതാധികാര സമിതി യോഗമാണു ഡെങ്കിപ്പനി ഉയർത്തുന്ന വെല്ലുവിളി ചർച്ച ചെയ്തത്. സാധാരണ ഉണ്ടാവുന്നതിനെക്കാൾ കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾക്കു വഴിവയ്ക്കാവുന്ന വൈറസ് വകഭേദമാണിത്. മരണ നിരക്കും കൂടും.

കേരളത്തിനു പുറമേ ആന്ധ്ര, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലാണു ഡെൻവ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികൾ ഊർജിതമാക്കാനും ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു. എളുപ്പം പടർന്നുപിടിക്കാൻ സാധ്യതയുള്ള രോഗമാണ് ഇത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾ കർമസേനകൾക്കു രൂപം നൽകണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

രോഗവ്യാപനസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടണം. രോഗബാധിതർക്ക് ആന്തരിക രക്തസ്രാവത്തിനു സാധ്യതയുള്ളതിനാൽ ആശുപത്രികളിൽ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്നും നിർദ്ദേശിക്കുന്നു. പനി, തലവേദന, ഛർദി, ശരീരവേദന എന്നിവയാണു മറ്റു രോഗ ലക്ഷണങ്ങൾ. ഏതാണ് കോവിഡന് സമാനമായ രോഗ ലക്ഷണങ്ങൾ. അതുകൊണ്ട് തന്നെ ഈ രോഗ ലക്ഷണങ്ങളെ അതിവേഗം കണ്ടെത്തി ചികിൽസിക്കണം. രോഗം സ്ഥിരീകരിച്ചാൽ രോഗബാധിതരുടെ സമ്പർക്കപ്പട്ടിക തയാറാക്കണമെന്നും നിർദ്ദേശമുണ്ട്. ഹെൽപ്‌ലൈൻ നമ്പറുകൾ ലഭ്യമാക്കണം. രോഗ ലക്ഷണങ്ങളും കൊതുകു നശീകരണ പ്രവർത്തനങ്ങളും സംബന്ധിച്ചു ബോധവൽക്കരണം നടത്തണം.

ഡെങ്കിപ്പനി പരത്തുന്ന വൈറസിന്റെ അപകടകരമായ രണ്ട് വകഭേദങ്ങളുടെ സാന്നിധ്യം ഡൽഹിയിലും സ്ഥിരീകരിച്ചിരുന്നു. ഇതിൽ ആദ്യത്തെ വകഭേദമായ ടൈപ്പ് 1 വകഭേദം പനിക്ക് കാരണമാകുമ്പോൾ ടൈപ്പ് 2 വകഭേദം തലച്ചോറിൽ രക്തസ്രാവമുണ്ടാക്കി മരണത്തിലേക്ക് നയിക്കാം. ടൈപ്പ് 1 വകഭേദമാണ് നിലവിൽ വ്യാപകമെന്നും കുറച്ച് സാംപിളുകളിൽ മാത്രമേ ടൈപ്പ് 2 കണ്ടെത്തിയിട്ടുള്ളൂ എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഡൽഹിയിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തിയിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോർട്ട്.

പനി, തലവേദന, കുളിർ എന്നിവയുണ്ടാക്കുന്ന ടൈപ്പ് 1 ഡെങ്കിപ്പനിയാണ് പൊതുവായി കാണപ്പെടുന്നത്. ടൈപ്പ് 2 ഡെങ്കിപ്പനി രക്തസ്രാവത്തിലേക്കും സ്തംഭനാവസ്ഥയിലേക്കും നയിക്കാം. ടൈപ്പ് 3 വകഭേദം സ്തംഭനാവസ്ഥയില്ലാത്ത പനിക്ക് കാരണമാകുന്നു. ജന്തു ജന്യ രോഗമായ ഡെങ്കിപ്പനി ഈഡിസ് കൊതുകുകൾ കടിക്കുന്നത് വഴിയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. പനി, തലവേദന, തിണർപ്പ്, പേശിവേദന, മനംമറിച്ചിൽ, ഛർദ്ദി, സന്ധിവേദന, കണ്ണുകൾക്ക് വേദന, എല്ലു വേദന എന്നിങ്ങനെ നീളുന്ന ഡെങ്കിപ്പനി ലക്ഷണങ്ങൾ.

രണ്ട് മുതൽ ഏഴു ദിവസം വരെ ഡെങ്കിപ്പനി നീണ്ടു നിൽക്കാമെന്ന് ഡോക്ടർമാർ പറയുന്നു. ഡെങ്കിപ്പനിക്ക് പ്രത്യേകമായി മരുന്നുകൾ ഇല്ലെങ്കിലും തീവ്രമല്ലാത്ത കേസുകൾ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ സാധാരണ മരുന്നുകൾ കഴിച്ച് മാറ്റിയെടുക്കാം.