ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ അസ്ഥികൂടങ്ങൾ കണ്ടെത്തി. കല്ലുപാലത്തിനു സമീപം സ്വകാര്യ ഉടമസ്ഥതയിൽ കാടുപിടിച്ചു കിടന്ന ഒറ്റമുറി കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് കവറിനുള്ളിൽ 2 തലയോട്ടികൾ ഉൾപ്പെടെ അസ്ഥികൾ കണ്ടെത്തിയത്.

അസ്ഥികളിൽ അടയാളപ്പെടുത്തലുകളും അസ്ഥിഭാഗങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയതും കണ്ടതിനാൽ മെഡിക്കൽ വിദ്യാർത്ഥികൾ പഠനാവശ്യത്തിനു ശേഷം ഉപേക്ഷിച്ചതാകാമെന്നാണു നിഗമനം. വിശദമായ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജിനു കൈമാറി. ഫൊറൻസിക് പരിശോധനാഫലം ഇന്നു ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

നഗരത്തിലെ ഒരു വ്യാപാരി മൂന്നു വർഷം മുൻപു വാങ്ങിയ പുരയിടത്തിൽ കാടുപിടിച്ചു കിടന്ന കെട്ടിടം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു പൊളിച്ചു വൃത്തിയാക്കുന്നതിനിടെയാണ് ഇന്നലെ അസ്ഥികൾ കണ്ടെത്തിയത്. അസ്ഥികൾ ദ്രവിച്ചു തുടങ്ങിയ നിലയിലായിരുന്നു. വർഷങ്ങളുടെ പഴക്കം കണക്കാക്കുന്നു. തലയോടുകൾക്കു പുറമേ കൈകളുടെയും വാരിയെല്ലുകളുടെയും ഭാഗങ്ങളും ഇതിലുണ്ട്. ഒന്നിലധികം ആളുകളുടെ അസ്ഥികൾ ഇതിലുണ്ടെന്നാണു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.