- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്തു കൂട്ടിയിടി; ബ്രിട്ടീഷ് ആകാശം മുഴുവൻ യാത്ര ചെയ്യാൻ ഇറങ്ങി പുറപ്പെട്ട സംഘങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ഗുരുതരാവസ്ഥയിൽ
ബ്രിട്ടൻ മുഴുവൻ പറന്നു കാണാനിറങ്ങിയ വിനോദ യാത്രാ സംഘങ്ങളുടെ യാത്ര അവസാനിച്ചത് ദുരന്തത്തിൽ. മോട്ടോർ പാരാഗ്ലൈഡുകളിൽ പറക്കുന്നതിനിടെ ഇവ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പാരാഗ്ലൈഡർ മരിക്കുകയും ചെയ്തു. ഡാൻ ബർട്ടൺ എന്ന 54കാരനാണ് മരണത്തിനു കീഴടങ്ങിയത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സച്ചാ ഡെഞ്ച് എന്ന യുവതിയാണ് അവരുടെ സപ്പോർട്ട് ക്രൂവിലുണ്ടായിരുന്ന ആളുമായി കൂട്ടിയിടിച്ച് ആകാശത്ത് നിന്ന് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ സച്ച ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.
3,000 മൈൽ ദൂരമുള്ള യാത്രയ്ക്കിടെയാണ് ഈ അപകടം സംഭവിച്ചത്. നേരത്തെയും നിരവധി യാത്രകൾ നടത്തി പ്രശസ്തയായ വ്യക്തിയാണ് സച്ചാ ഡെഞ്ച്. റഷ്യൻ ആർട്ടികിൽ നിന്നും യുകെയിലേക്ക് പറന്ന് ബെവിക്ക്സ് ഹംസങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം വളർത്തിയ സച്ചാ ഇതിനെ തുടർന്നാണ് മനുഷ്യ ഹംസം എന്ന പേർ അറിയപ്പെട്ടു തുടങ്ങിയത്. 2016ൽ പാരാമോട്ടറിൽ ചാനൽ കടന്ന ആദ്യ വനിത എന്ന റെക്കോർഡും അവർ നേടി.
മിസ് ഡെഞ്ചും മിസ്റ്റർ ബർട്ടനും റൗണ്ട് ബ്രിട്ടൻ ക്ലൈമറ്റ് ചലഞ്ചിന്റെ ഭാഗമായി രാജ്യം മുഴുവൻ ചുറ്റിയുള്ള ദൗത്യം പൂർത്തിയാക്കാൻ ശ്രമിക്കവേയാണ് ദുരന്തമുണ്ടായത്. ദൗത്യം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്. നവംബറിൽ ഗ്ലാസ്ഗോയിൽ നടക്കുന്ന ഇഛജ26 കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി കാറ്റിലും ഗ്രീൻ ഇലക്ട്രിസിറ്റിയിലും പ്രവർത്തിക്കുന്ന പാരാമോട്ടറുകളിൽ രാജ്യമെമ്പാടും പറക്കാൻ അവർ ലക്ഷ്യമിടുകയും ചെയ്തിരുന്നു.
ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. രാവിലെ എട്ടു മണിയോടെ തന്റെ ഫേസ്‌ബുക്കിൽ മിസ്റ്റർ ബർട്ടൺ പങ്കുവച്ച അവസാന ഫോട്ടോയാണ് ഇപ്പോൾ വേദനയാകുന്നത്. സ്‌കോട്ടിഷ് ഹൈലാൻഡിലെ ടോംഗ് ഗ്രാമത്തിനടുത്തുള്ള കുന്നുകളിൽ മേഘങ്ങൾ ഉരുണ്ടുവരുന്നതായി കാണിക്കുന്ന ചിത്രമായിരുന്നു അത്. വൈകുന്നേരം നാലരയോടെയാണ് അപകടം ഉണ്ടായത്. 4.45 ഓടെ ലോച്ചിൻവറിനടുത്തുള്ള അപകടസ്ഥലത്തേക്ക് എമർജൻസി സർവീസുകൾ ഓടിയെങ്കിലും മിസ്റ്റർ ബർട്ടനെ രക്ഷിക്കാനായില്ല. അതേസമയം, മിസ് ഡെഞ്ച് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് അടുത്തവൃത്തങ്ങൾ പങ്കുവെക്കുന്നത്.
യഥാർത്ഥത്തിൽ ഓസ്ട്രേലിയക്കാരിയായ മിസ് ഡെഞ്ച് ഇപ്പോൾ ബ്രിസ്റ്റോളിൽ ആണ് താമസിക്കുന്നത്. കൺസർവേഷൻ വിത്തൗട്ട് ബോർഡേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ആണ് അവർ. അപകട വിവരം സംബന്ധിച്ച് ചാരിറ്റി പുറത്തു വിട്ട വിവരങ്ങളിലൂടെയാണ് അപകട വാർത്ത പുറത്തു വന്നത്. 'റൗണ്ട് ബ്രിട്ടൻ ക്ലൈമറ്റ് ചലഞ്ചിന്റെ അവസാന ഘട്ടത്തിൽ ലീഡ്, സപ്പോർട്ട് പാരാമോട്ടറുകൾ എന്നിവ കൂട്ടിയിടിച്ച് ഒരു വലിയ അപടകം സംഭവിച്ചുവെന്നാണ് ചാരിറ്റി വ്യക്തമാക്കിയത്.
അപകടത്തിൽ ഡാൻ ബർട്ടൺ എന്ന സപ്പോർട്ട് പാരാമോട്ടറിസ്റ്റ് മരിച്ചുവെന്ന് വിവരം സ്ഥിരീകരിക്കേണ്ടി വന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. സച്ചാ ഡെഞ്ചിന് ഗുരുതരമായി പരിക്കേറ്റു, ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേരും പരിചയസമ്പന്നരായ പാരാമോട്ടോറിസ്റ്റുകളാണ് എന്നും അപകടത്തിന്റെ ഫലമായി ചലഞ്ച് നിർത്തിവച്ചിരിക്കുകയാണെന്നും ചാരിറ്റി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ