- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് അമേരിക്ക- യൂറോപ്പ് മാർത്തോമാ ഭദ്രാസനം സെപ്റ്റംബർ 19 സേവികാസംഘദിനമായി ആചരിച്ചു
ഡാളസ്: നോർത്ത് അമേരിക്ക- യൂറോപ്പ് മാർത്തോമാ സേവികാസംഘം കഴിഞ്ഞ ഒരാഴ്ചയായി നടത്തിവന്നിരുന്ന സേവികാസംഘ വാരത്തിന്റെ സമാപനം സെപ്റ്റംബർ 19-ന് ഞായറാഴ്ച ഭദ്രാസനാതിർത്തിയിലുള്ള എല്ലാ ഇടവകകളിലും സേവികാസംഘ ദിനമായി ആചരിച്ചു.
സേവികാസംഘത്തിന്റെ നൂറ്റിരണ്ടാമത് വാർഷിക ദിനത്തിൽ എല്ലാ ഇടവകകളിലും പ്രത്യേക പ്രാർത്ഥനകളും, വചനശുശ്രൂഷകളും ക്രമീകരിച്ചിരുന്നു. ഇടവകയിലെ വികാരിമാർക്കൊപ്പം ശുശ്രൂഷകളിൽ സ്ത്രീകളും പങ്കാളിത്തംവഹിച്ചു. രോഗികളെ സന്ദർശിക്കുക, അവർക്കുവേണ്ടി പ്രാർത്ഥിക്കുക, അശരണരേയും അനാഥരേയും അവരുടെ സങ്കടങ്ങളിൽ ആശ്വസിപ്പിക്കുക തുടങ്ങിയ ശുശ്രൂഷയാണ് മാർത്തോമാ സഭയിലെ സേവികാ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
സേവികാസംഘ ദിനാചരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക് വികാരി റവ.ഫാ. തോമസ് മാത്യു അച്ചനോടൊപ്പം സ്ത്രീകളും പങ്കെടുത്തു. ലീലാമ്മ ജയിംസ്, കുശി മത്തായി എന്നിവർ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സാറാ ചെറിയാൻ ധ്യാന പ്രസംഗം നടത്തി.
ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷയിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും പങ്കാളിത്തം നൽകിയിരുന്നുവെന്നും, അതുകൊണ്ടുതന്നെ ക്രിസ്തീയ ദൗത്യ നിർവഹണത്തിൽ സ്ത്രീകൾക്ക് വലിയ ഉത്തരവാദിത്വമാണ് ഉള്ളതെന്നും സാറാ ടീച്ചർ ഓർമ്മിപ്പിച്ചു. പുതിയ നിയമത്തിൽ നിന്നും മാർത്തയുടേയും മറിയയുടേയും ജീവിതം നാം ആഴത്തിൽ പരിശോധിച്ചാൽ താൻ പൂർത്തിയാക്കിയ പ്രവർത്തികളിൽ സന്തോഷം കണ്ടെത്തുന്നതിനു പകരം മറ്റുള്ളവർക്കെതിരേ പരാതി ഉന്നയിക്കുന്ന മാർത്തയേപ്പോലെയല്ല, മറിച്ച് ക്രിസ്തുവിനെ ശുശ്രൂഷിക്കുന്ന മറിയയെപ്പോലെയാണ് നാം ആയിത്തീരേണ്ടതെന്നും ടീച്ചർ ഓർമ്മിപ്പിച്ചു. ധ്യാന പ്രസംഗത്തിനുശേഷം ഗ്രേയ്സ് അലക്സാണ്ടർ സമാപന പ്രാർത്ഥന നടത്തി. സെക്രട്റി തോമസ് ഈശോ നന്ദി രേഖപ്പെടുത്തി. തോമസ് അബ്രഹാം അസംബ്ലി റിപ്പോർട്ട് അവതരിപ്പിച്ചു.