- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ പൂർണ വാക്‌സിനേഷൻ; ഐടി കമ്പനികൾക്ക് മടങ്ങിയെത്താൻ കളമൊരുങ്ങി
തിരുവനന്തപുരം: ടെക്നോപാർക്കിലെ എല്ലാ ഐടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള കോവിഡ് വാക്‌സിനേഷൻ ഈ മാസത്തോടെ പൂർത്തിയാകും. ഇതോടെ ടെക്നോപാർക്കിൽ ഐടി കമ്പനികൾക്ക് സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള സാഹചര്യമൊരുങ്ങി. വിവിധ കമ്പനികൾ സ്വന്തം നിലയിലും ടെക്നോപാർക്കിന്റെ നേതൃത്വത്തിലുമായാണ് രണ്ടാം ഡോസ് വാക്‌സിനേഷൻ നടന്നുവരുന്നത്. ജൂണിൽ ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഡോസ് വിതരണമാണ് ഇപ്പോൾ പൂർത്തിയായി വരുന്നത്. തിരുവനന്തപുരം ടെക്‌നോപാർക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് കുത്തിവെപ്പ് പുരോഗമിക്കുന്നത്. ഇതിനായി രണ്ട് ലക്ഷം ഡോസ് കോവിഷീൽഡ്, 30,000 ജോസ് സ്പുട്നിക് വി വാകിസിനുകളാണ് ടെക് ഹോസ്പിറ്റൽ വാങ്ങിയിട്ടുള്ളത്. ഇവ ടെക്നോപാർക്കിനു പുറമെ കൊച്ചി ഇൻഫോപാർക്കിലും കോഴിക്കോട് സൈബർ പാർക്കിലും വിതരണം ചെയ്യുന്നുണ്ട്.
നേരത്തെ വാക്‌സിനേഷൻ പൂർത്തിയാക്കിയ ഏതാനും കമ്പനികൾ ഇതിനകം ടെക്നോപാർക്കിൽ ഓഫീസ് പ്രവർത്തനം പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം രീതിയിൽ നിന്ന് കമ്പനികൾ പൂർണമായും മാറില്ലെങ്കിലും വരും മാസങ്ങളിൽ കൂടുതൽ കമ്പനികൾ ഐടി പാർക്കുകളിൽ തിരിച്ചെത്തും. സമ്പൂർണ വാക്‌സിനേഷനു പുറമെ സ്‌കൂളുകൾ കൂടി തുറക്കുന്നതോടെ കൂടുതൽ ജീവനക്കാർക്ക് തിരികെ ഓഫീസുകളിലെത്താൻ വഴിയൊരുങ്ങുമെന്ന് കേരള ഐടി പാർക്‌സ് സിഇഒ ജോൺ എം തോമസ് പറഞ്ഞു.
വിവിധ കമ്പനികൾ ഇതിനകം തന്നെ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് പൂർണ വാക്‌സിനേഷൻ എന്ന ലക്ഷ്യം നേടിയിട്ടുണ്ട്. ഐടി ജീവനക്കാർക്കു പുറമെ ടെക്നോപാർക്കിലും വിവിധ കമ്പനികളിലും ഹൗസ്‌കീപ്പിങ്, ക്ലീനിങ്, സെക്യൂരിറ്റി ജോലികൾ ചെയ്യുന്നവർക്കും വാക്സിൻ നൽകുന്നുണ്ട്. ഇവർക്കു മാത്രമായി ടെക്നോപാർക്കിലെ കമ്പനിയായ ക്യൂബസ്റ്റ് സംഘടിപ്പിച്ച ക്യാമ്പിൽ ഇരുനൂറിലേറെ പേർ തിങ്കളാഴ്ച രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചു. നേരത്തെ 200 പേർക്ക് രണ്ടാം ഡോസ് നൽകിയിരുന്നു. ജൂണിൽ 400ലേറെ കരാർ ജീവനക്കാർക്ക് ക്യൂബസ്റ്റ് ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിയിരുന്നു.