ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ തല്ക്കാലം വലിയ വിമാനങ്ങൾ അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. രണ്ടു മാസത്തിനു ശേഷമേ ഇക്കാര്യം ആലോചിക്കൂ. വ്യോമയാന സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തി.

കരിപ്പൂർ വിമാനാപകടത്തിന്റെ പേരിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങളുടെ സർവീസ് തടഞ്ഞത്. ഇതേക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പഠിക്കുന്ന സമിതി ഇക്കാര്യം പരിശോധിക്കും. സമിതി റിപ്പോർട്ടിന് അനുസരിച്ചായിരിക്കും വലിയ വിമാനങ്ങൾ ഇറക്കുന്ന കാര്യത്തിൽ തീരുമാനം.

അപകടത്തിന്റെ പ്രധാന കാരണം പൈലറ്റിന്റെ പിഴവാണെന്ന റിപ്പോർട്ട് വന്ന പശ്ചാത്തലത്തിൽ വലിയ വിമാനങ്ങളിറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കരിപ്പൂർ വിമാനപകടത്തെക്കുറിച്ച് അന്വേഷിച്ച എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ വൈമാനിക പിഴവാണ് അപകടത്തിന്റെ പ്രധാന കാരണമെന്നാണ് പറയുന്നത്.

വലിയ വിമാനങ്ങളിറങ്ങാൻ അനുമതി ലഭിച്ചാൽ മാത്രമേ കരിപ്പൂരിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുൾപ്പെടെ കൂടുതൽ സർവീസുകൾ തുടങ്ങാനാകൂ. കേന്ദ്രം അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളുൾപ്പെടെയുള്ളവർ.