കോവിഡ് കാലത്ത് ഏറ്റവും ദുരിതം തിന്നത് ആരോഗ്യപ്രവർത്തകരാണം. മരണം മുന്നിലുണ്ടെന്നറിഞ്ഞിട്ടും നിസ്വാർത്ഥമായാണ് ആരോഗ്യപ്രവർത്തകർ നമ്മുടെ നാടിനെ സേവിച്ചത്. ഇപ്പോഴിതാ കോവിഡ് മുന്നണി പോരാളികൾക്ക് ആദരവുമായി എത്തിയിരിക്കുകയാണ് 'ഇള' എന്ന വീഡിയോയിലൂടെ ബി.കെ ഹരിനാരായണൻ. സ്വന്തം ജീവൻ പണയം വച്ചുകൊണ്ട് സദാ ജോലിയിൽ വ്യാപൃതരാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരമായാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.

രചനയും സംവിധാനവും ഹരിനാരായണന്റേതാണ്. കോവിഡ് കാലത്തെ ഒരു ഡോക്ടറുടെ ജീവിതത്തിലൂടെയാണ് 'ഇള' കടന്നു പോകുന്നത്. സ്വകാര്യ ജീവിതത്തിലെ ദുഃഖങ്ങൾ വേദനിപ്പിക്കുമ്പോഴും ആശുപത്രിയിൽ നിസ്വാർഥ സേവനം കാഴ്ചവയ്ക്കുന്ന യുവ ഡോക്ടർ. രോഗികളെ പരിചരിച്ച് ഒടുവിൽ കോവിഡ് ബാധിച്ചു മരിക്കുകയും ജീവൻ വെടിയുന്നതിനു മുൻപ് കോവിഡിന്റെ തീവ്രതയെക്കുറിച്ച് വിഡിയോ സന്ദേശത്തിലൂടെ അവബോധം പകരുകയും ചെയ്യുകയാണ് ഡോക്ടർ.

ഡോക്ടർ ആയി വേഷമിടുന്നത് യുവതാരം അപർണ ബാലമുരളിയാണ്. മറ്റൊരു പ്രധാന കഥാപാത്രമായി ബി.കെ.ഹരിനാരായണനും എത്തുന്നു. അതിഥി വേഷത്തിൽ സംഗീതസംവിധായകൻ ബിജിബാലും പ്രത്യക്ഷപ്പെടുന്നുണ്ട്. രാജീവ് പീശപ്പിള്ളിയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ് 'ഇള'യ്ക്കു സംഗീതം പകർന്നിരിക്കുന്നത്
മിഥുൻ ജയരാജ് ആണ്. മിഥുനും സിത്താര കൃഷ്ണകുമാറും ചേർന്ന് ഗാനം ആലപിച്ചു.

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ 'ഇള' ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. മനേഷ് മാധവൻ ആണ് 'ഇള'യുടെ ഛായാഗ്രാഹകൻ. പ്രവീൺ മംഗലത്ത് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.