ബ്രിസ്ബേൻ: ആറു മണിക്കൂർ കൊണ്ട് 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ ചൊല്ലി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന മലയാളി സഹോദരിമാർ റെക്കോർഡ് ഇട്ടു. ആലപ്പുഴ ചേർത്തല സ്വദേശികളായ തെരേസ ജോയിയേയും ആഗ്‌നസ് ജോയിയേയുമാണ് ദേശിയ ഗാനത്തിലൂടെ ലോകം അറിഞ്ഞത്.

ലോകസമാധാന ദിനമായ ഇന്നലെ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേൻ സെന്റ് ജോൺസ് കത്തീഡ്രലിൽ രാവിലെ 10 മുതൽ വൈകിട്ടു വരെ നടന്ന പരിപാടിയിൽ ഓരോ 2 മണിക്കൂറിലും 10 മിനിറ്റ് മാത്രമായിരുന്നു ഇടവേള. മൂന്ന് രാജ്യാന്തര റെക്കോർഡ് പട്ടികയിലാണ് ഒറ്റദിനം കൊണ്ട് ഇരുവരും ഇടംപിടിച്ചത്. എല്ലാ രാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ കാണാതെ പഠിച്ചു പാടിയവർ, ലോകത്താദ്യമായി നൂറിലേറെ രാജ്യാന്തര ഭാഷകളിൽ പാടിയവർ എന്നിങ്ങനെ പല റെക്കോർഡുകളാണ് ഇവർ സ്വന്തമായത്.

ക്വീൻസ്ലൻഡിലെ ഗ്രിഫിത് സർവകലാശാലയിൽ മൂന്നാം വർഷ ക്രിമിനോളജി-സൈക്കോളജി വിദ്യാർത്ഥിനിയാണ് തെരേസ. കലംവെയ്ൽ കമ്യൂണിറ്റി കോളജ് 12-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആഗ്‌നസ്. ഓസ്‌ട്രേലിയയിലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തൈക്കാട്ടുശ്ശേരി കണിയാംപറമ്പിൽ ജോയ് കെ.മാത്യുവിന്റെയും നഴ്സായ ജാക്വിലിന്റെയും മക്കളാണ്.