മെൽബൺ: ഓസ്‌ട്രേലിയയിൽ കോവിഡ് നിയന്ത്രണത്തിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിർദേശങ്ങൾക്കെതിരേയും വാക്‌സിൻ നിർബന്ധമാക്കുന്നതിനെതിരെയും ആയിരങ്ങൾ തെരുവിലിറങ്ങി. കൺസ്ട്രക്ഷൻ മേഖലയിൽ വാക്‌സിൻ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രകടനക്കാർ ചൊവ്വാഴ്ച തെരുവുകളിൽ മാർച്ച് നടത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മെൽബണിൽ തുടരുന്ന ലോക് ഡൗണിനെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് ഇത്.

മെൽബണിൽ നടന്ന പ്രതിഷേധം എല്ലാ നിർമ്മാണ തൊഴിലാളികൾക്കും പ്രതിരോധ കുത്തിവയ്‌പ്പ് നൽകണമെന്ന വിക്ടോറിയ സംസ്ഥാന സർക്കാർ ഉത്തരവ് ലക്ഷ്യമിട്ടായിരുന്നു.നിർമ്മാണ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കൺസ്ട്രക്ഷൻ, ഫോറസ്ട്രി, മാരിടൈം, മൈനിങ്, എനർജി യൂണിയൻ എന്നിവയുടെ ഓഫീസുകളുടെ വാതിൽ തകർത്ത് അഞ്ഞൂറോളം പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിനെ വിളിച്ചതിന് തൊട്ടടുത്ത ദിവസമാണ് മാർച്ച് നടന്നത്.മെൽബൺ മെൽബണിലും ചില പ്രാദേശിക പ്രദേശങ്ങളിലും ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് നിർമ്മാണ വ്യവസായം അടച്ചിടുമെന്ന് തിങ്കളാഴ്ച രാത്രി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു

ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെന്നത് ഉൾപ്പെടെ, വീണ്ടും തുറക്കുന്നതിനുമുമ്പ് എല്ലാ വർക്ക്സൈറ്റുകളും ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു. സമരക്കാരെ അടിച്ചമർത്താൻ ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. നഗരങ്ങളിൽ ചെക്ക് പോയന്റുകളും ബാരിക്കേഡുകളും സ്ഥാപിച്ചു. സമരക്കാർക്കുനേരെ പൊലീസ് പെപ്പർ സ്‌പ്രേ ഉപയോഗിച്ചു. പലരെയും അറസ്‌ററ് ചെയ്ത് നീക്കി.