രാജാക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ ക്ഷേത്രപൂജാരിയും വരനും അടക്കം അഞ്ച് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ബൈസൺവാലിയിലെ ശ്രീമാരിയമ്മൻ ക്ഷേത്ര മണ്ഡപത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടന്നത്.പിന്നാലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കുക ആയിരുന്നു.

വിവാഹം നടത്തിക്കൊടുത്ത ക്ഷേത്രപൂജാരി, വരൻ, ഇവരുടെ മാതാപിതാക്കൾ എന്നിവർക്കെതിരെയാണ് കേസ്. സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. ദേവികുളം സ്വദേശിനിയായ പതിനേഴുകാരിയും ബൈസൺവാലി സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നടത്തിയത്. ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ ഈ വിവരം രാജാക്കാട്, ദേവികുളം പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. എന്നാൽ പൊലീസ് സ്ഥലത്ത് എത്തുന്നതിനു മുൻപ് വിവാഹം നടന്നു. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി.