ഒക്കലഹോമ : നിയമ വിരുദ്ധ ശസ്ത്രക്രിയ നടത്തിയ ബോബ് ലീ അലന് (54) ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു .മരങ്ങൾക്കിടയിൽ പണിതീർത്ത ക്യാബിനിൽ വച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം (ടെസ്റ്റിക്കിൾസ്) കാസ്ട്രേഷൻ എന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് . നീക്കം ചെയ്ത ശരീരഭാഗം ഇയാൾ ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട് .

ശസ്ത്രക്രിയക്ക് ശേഷം നിലക്കാത്ത രക്തപ്രവാഹം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെറുപ്പക്കാരൻ സംഭവിച്ചതിനെക്കുറിച്ച് ഡോക്ടർമാരോട് വിശദീകരിച്ചു .

ആഗസ്റ്റിൽ നടന്ന സംഭവത്തിന്റെ വിചാരണ സെപ്റ്റംബർ 20 ന് ആരംഭിക്കാനിരിക്കെയാണ് പ്രതി കുറ്റസമ്മതം നടത്തി ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായത് . ലൈസൻസില്ലാതെ ശസ്ത്രക്രിയ നടത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്ത കുറ്റമാണ് ലീ അലനെതിരെ പൊലീസ് ചാർജ്ജ് ചെയ്തിരിക്കുന്നത് .

ശസ്ത്രക്രിയക്ക് ശേഷം നീക്കം ചെയ്ത വൃഷണം തനിക്ക് കഴിക്കാൻ വേണ്ടിയാണ് ഫ്രീസറിൽ സൂക്ഷിച്ചിരുന്നതെന്ന് തമാശയായി പിന്നീട് അലൻ പറഞ്ഞിരുന്നത് .

കുറ്റസമ്മതം നടത്തുക എന്നതാണ് ഏറ്റവും ഉചിതമായ തീരുമാനമെന്ന് അലൻ പറഞ്ഞു . വളരെ അപകടകരമായ ശസ്ത്രക്രിയ യാതൊരു മുന്നൊരുക്കവും ഇല്ലാതെ ചെയ്തത് എന്തിനാണെന്ന ചോദ്യത്തിന് പ്രതികരിക്കാൻ യാതൊരു യോഗ്യതയുമില്ലാത്ത അലൻ വിസമ്മതിച്ചു.