തിരുവനന്തപുരം: ഈ 100 ദിനങ്ങൾ കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചടുത്തോളം വളരെയേറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ 100 ദിവസങ്ങൾക്കുള്ളിൽ കോവിഡ് രണ്ടാം തരംഗത്തിനൊപ്പം സിക്ക, നിപ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. കേരളത്തിന്റെ സുശക്തമായ ആരോഗ്യ മേഖലയുടെ അടിത്തറ, ജനപങ്കാളിത്തം, ഐക്യത്തോടെയുള്ള പ്രവർത്തനം, ശാസ്ത്രീയമായ സമീപനം ഇവയെല്ലാം കൊണ്ട് ഈ പകർച്ച വ്യാധികളെ കൃത്യമായി പ്രതിരോധിക്കാൻ കേരളത്തിനായെന്നും മന്ത്രി പറഞ്ഞു.

അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിനെ നേരിടാൻ എല്ലാവർക്കും വേഗത്തിൽ വാക്സിൻ നൽകാനാണ് ശ്രമിച്ചത്. 91 ശതമനാത്തിലധികം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ഒരു കോടിയിലധികം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. ഇനിയും വാക്സിൻ എടുക്കാനുള്ളവർ എത്രയും വേഗം വാക്സിൻ എടുക്കേണ്ടതാണ്. ആരും വിമുഖത കാട്ടരുത്. ശക്തമായ പ്രതിരോധം കൊണ്ടാണ് സിക വൈറസ് നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. നിപ വൈറസ് പ്രതിരോധത്തിനും വളരെ വലിയ പ്രവർത്തനമാണ് നടത്തിയത്. കൃത്യമായ കർമ്മ പദ്ധതിയിലൂടെ പ്രതിരോധമൊരുക്കാനായി. ഒരു ദിവസം കൊണ്ട് ലാബ് സജ്ജമാക്കി. ഹൗസ് ടു ഹൗസ് സർവർയലൻസ് നടത്തി. ഈ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ പരിശ്രമിച്ചത്. ഈ അവസരത്തിൽ കമ്മർമ്മനിരതമായി സമർപ്പിതമായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടി രൂപയുടെ 4 പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ വി. ശിവൻ കുട്ടി, മുഹമ്മദ് റിയാസ്, വിവിധ ജില്ലകളിലെ ജനപ്രതിനിധികൾ ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.