ദിസ്പൂർ: അസമിലെ പൊലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. ദാരംഗ് ജില്ലയിൽ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. പൊലീസും നാട്ടുകാരും തമ്മിൽ നടന്ന സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരായുധരായ ജനങ്ങൾക്ക് നേരെ പൊലീസ് വെടിയുതിർക്കുക ആയിരുന്നുു. ഭൂമികയ്യേറ്റം ഒഴിപ്പിക്കാനെത്തിയതായിരുന്നു പൊലീസ് സംഘം. ജനങ്ങൾ പൊലീസുമായി വാക്കേറ്റമാവുകയും സംഘർഷത്തിൽ കലാശിക്കുകയാുമായിരുന്നു.

സംഭവത്തിൽ ഒൻപതു പൊലീസുകാർക്കു പരുക്കേറ്റു. പ്രതിഷേധക്കാർക്കു നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് തല്ലിയോടിക്കുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി പൊലീസുകാർ ഒരാളെ വളഞ്ഞിട്ടാക്രമിക്കുന്നതിന്റെ ദൃശ്യം എൻ.ഡി.ടി.വി പുറത്തുവിട്ടിട്ടുണ്ട്. ട്വിറ്ററിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോയിൽ നിലത്തുവീണ് കിടക്കുന്നയാളെ ലാത്തി കൊണ്ടും മുള കൊണ്ടും നിരന്തരം അടിക്കുന്നതും കാണാം.

പൊലീസിന്റെ അടികൊണ്ട് അവശനായി കിടക്കുന്ന യുവാവിന്റെ നെഞ്ചത്ത് ഒരു ക്യാമറാമാൻ അതിക്രൂരമായി ചവിട്ടുന്നതും അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പൊലീസ് ഇയാളെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘർഷത്തിൽ ഒൻപത് പൊലീസുകാർക്കു പരുക്കേറ്റതായും ഇവരെ ആശുപത്രിയിലേക്കു മാറ്റിയതായും പൊലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശർമ്മ പറഞ്ഞു.

എന്നാൽ അസമിൽ സർക്കാർ ആസൂത്രിത വെടിവയ്പാണു നടത്തിയതെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തിങ്കളാഴ്ച ധോൽപൂരിൽ 800 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. ഇതിലൂടെ 4500 ബിഗസ്സ് ഭൂമി സർക്കാർ പിടിച്ചെടുത്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചിരുന്നു.

800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തിൽ താമസിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണ്. സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആളുകളെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.