പാമ്പെന്ന് കേട്ടാലെ പേടിയാകും. അപ്പോൾ വീട്ടുമുറ്റത്ത് ഒരു രാജവെമ്പാല എത്തിയാലോ? സംഭവം സത്യമണ് തെങ്കാശിയിൽ താമസിക്കുന്ന സോഹോയുടെ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പുവിന്റെ വീട്ടുമുറ്റത്താണ് രാജവെമ്പാല എത്തിയത്.

ശ്രീധർ വെമ്പുവും കുടുംബവും താമസിക്കുന്ന തെങ്കാശിക്കു സമീപമുള്ള മതലംപാറൈ ഗ്രാമത്തിലെ വീടിനുസമീപമാണ് രാജവെമ്പാലയെ കണ്ടത്. ഉടൻ തന്നെ സമീപത്തുള്ള വനപാലകരെ വിവരമറിയിച്ചു. ഇവരെത്തി പാമ്പിനെ പിടികൂടി. പിന്നീട് പാമ്പിനെ വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. 12 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയാണ് വീടിനു സമീപമെത്തിയത്.

വനപാലകരെത്തി പാമ്പിനെ പിടിക്കുന്ന ചിത്രം ശ്രീധർ വെമ്പു തന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ചു. 12 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടിച്ചുകൊണ്ട് വനപാലകർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്.

പാമ്പിനെയും പിടിച്ചു നിൽക്കുന്ന ശ്രീധറിന്റെ ചിത്രങ്ങൾ പെട്ടെന്നു തന്നെ ജനശ്രദ്ധനേടി. നിരവധിയാളുകൾ ചിത്രങ്ങൾ പങ്കുവയ്ക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. വീട് സ്ഥിതി ചെയ്യുന്ന പ്രദേശം പശ്ചിമഘട്ട മലനിരകൾക്കു സമീപമായതിനാൽ അവിടെ നിന്നെത്തിയതാകാം പാമ്പെന്നാണ് നിഗമനം.