എടത്വ: നാൽക്കാലിയോടും മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത. സ്വകാര്യ പുരയിടത്തിൽ പോത്തിന്റെ ചെവികൾ സാമൂഹിക വിരുദ്ധർ വെട്ടിമാറ്റി. വയറിന്റെ ഇടതുവശത്തു കത്തി കുത്തിയിറക്കുകയും ചെയ്തതായി പരാതി. തകഴി പഞ്ചായത്ത് 3ാം വാർഡിൽ ചിറയകത്തെ സ്വകാര്യ പുരയിടത്തിൽ കെട്ടിയിട്ടിരുന്ന പോത്തിനോടാണ് മനുഷ്യരുടെ ക്രൂരതയ

ചിറയകം വടക്കേ മണ്ണട രാഹുലിന്റെ ഉടമസ്ഥതയിലുള്ള ഒന്നര വയസ്സുള്ള പോത്തിന്റെ ചെവികളാണ് വെട്ടിമാറ്റിയത്. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം. രാഹുലിന്റെ വീടിനടുത്തുള്ള 60ൽ ഷാപ്പിന്റെ സമീപത്തെ പുരയിടത്തിലാണു പോത്തിനെ കെട്ടിയിരുന്നത്.

ഇന്നലെ രാവിലെ ചെവികൾ നഷ്ടപ്പെട്ട് ചോര വാർന്ന നിലയിലാണു പോത്തിനെ കണ്ടത്. കെട്ടിയിട്ടിരുന്ന സ്ഥലത്തുനിന്നു കുറച്ചു മാറി പാടത്തോടു ചേർന്ന പുരയിടത്തിലാണു കണ്ടത്. രക്തം വാർന്നതിനാൽ തല ഉയർത്താൻ പോലും കഴിയാത്ത നിലയിലായിരുന്നു.

ഗ്രാമപ്പഞ്ചായത്ത് അംഗം ബെൻസൺ ജോസഫിന്റെ നേതൃത്വത്തിൽ പോത്തിനെ മൃഗാശുപത്രിയിൽ എത്തിച്ചു. ഇവിടെ വെറ്ററിനറി ഡോക്ടർ ഇല്ലാത്തതിനാൽ, മൃഗാശുപത്രി ജീവനക്കാരെത്തിയാണ് പ്രാഥമിക ചികിത്സ നൽകിയത്.