ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് വീടുകളിൽ എത്തി വാക്‌സിൻ നൽകണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം. ഭിന്നശേഷിക്കാർക്കും വീട്ടിൽ നിന്നു പുറത്തുപോകാൻ സാധിക്കാത്ത ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്കും കോവിഡ് വാക്‌സീൻ വീടുകളിൽ തന്നെ ലഭ്യമാക്കണം. ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാനങ്ങൾക്കു നൽകി. പ്രതിദിന കേസുകൾ കുറയുന്നുണ്ടെങ്കിലും കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

12 ആഴ്ചയായി പ്രതിവാര രോഗവ്യാപന നിരക്ക് 3 ശതമാനത്തിൽ കുറവാണ്.കണ്ടെയ്ന്മെന്റ് സോണുകളിലും രോഗവ്യാപന നിരക്ക് 5 ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിലും ആളുകൾ കൂടിച്ചേരുന്നത് ഒഴിവാക്കണമെന്ന് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പറഞ്ഞു. കുട്ടികൾക്കുള്ള കോവാക്‌സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണ്. ഫലം ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഉത്സവകാലം കണക്കിലെടുത്ത് പുതുക്കിയ കോവിഡ് മാർഗനിർദ്ദേശം സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിക്കാം.

കേരളം, ലഡാക്ക്, ഉത്തരാഖണ്ഡ്, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിൽ 90% മുതിർന്നവരും ഒരു ഡോസ് വാക്സീൻ സ്വീകരിച്ചു. ചണ്ഡിഗഡ്, ഹിമാചൽപ്രദേശ്, ഗോവ, സിക്കിം, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഇത് 100% ആണ്.

62.73% കേസുകൾ കേരളത്തിൽ
കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 62.73% കേരളത്തിൽ നിന്ന്. ഒരു ലക്ഷത്തിലേറെ സജീവ കേസുകളുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള 66% പേർക്ക് ഒരു ഡോസ് വാക്‌സീനെങ്കിലും ലഭിച്ചപ്പോൾ 23% പേർക്കു 2 ഡോസും ലഭിച്ചു.