- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേ പരീക്ഷയെഴുതാൻ അനുവദിക്കാത്ത സ്‌കൂൾ അധികൃതർക്ക് കനത്ത തിരിച്ചടി; വിദ്യാർത്ഥിക്കായി എസ്എസ്എൽസി പരീക്ഷ വീണ്ടും നടത്താൻ ഹൈക്കോടതി ഉത്തരവ്

കണ്ണൂർ: വിദ്യാർത്ഥിയെ സേ പരീക്ഷയെഴുതാൻ അനുവദിക്കാത്ത സ്‌കൂൾ അധികൃതർക്ക് കനത്ത തിരിച്ചടി. എസ്എസ്എൽസി സേ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥിക്കായി വീണ്ടും പരീക്ഷ നടത്താനാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. കണ്ണൂർ സിറ്റി ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥി ഐക്കാണ്ടി പോളത്ത് മുഹമ്മദ് നിഹാലിനായി പരീക്ഷ നടത്താനാണ് ഹൈക്കോടതിയുടെ ഉത്തരവിട്ടത്. പിതാവ് എം നൗഷാദ് സമർപ്പിച്ച ഹരജിയെ തുടർന്ന് ജസ്റ്റിസ് രാജവിജയരാഘവന്റെതാണ് ഉത്തരവ്.
സിറ്റി ഗവ.ഹയൽ സെക്കന്ററി സ്‌കൂളിൽ നിന്ന് പരീക്ഷ എഴുതിയ 73 കുട്ടികളിൽ 72 പേരും ജയിച്ചിരുന്നു.എന്നാൽ പരാജയപ്പെട്ട നിഹാൽ സേപരീക്ഷ എഴുതുന്നതിനുള്ള അപേക്ഷ സ്‌കൂളിൽ സമർപ്പിച്ചിരുന്നു. ഫീസടച്ച ചലാൻ പ്രധാന അദ്ധ്യാപകനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, അത് തിരുവനന്തപുരം പരീക്ഷ ഭവനിൽ സമർപ്പിക്കാൻ അധികൃതർ തയ്യാറായില്ല. സേ പരീക്ഷയുടെ ഹാൾ ടിക്കറ്റിനായി സ്‌കൂളിൽ എത്തിയപ്പോൾ വിദ്യാർത്ഥിയെ തിരിച്ചയക്കുകയായിരുന്നു.
ഈ കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കണ്ണൂർ മേഖല മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ സ്‌കൂളിലെത്തി പരിശോധിച്ചപ്പോഴാണ് അപേക്ഷ തിരുവനന്തപുരത്തേക്ക് അയച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.
പിന്നീട് വിദ്യഭ്യാസ മന്ത്രിയെ നേരിൽ കണ്ട് ബോധിപ്പിച്ചെങ്കിലും വീണ്ടും പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് അറിയിച്ചു. തുടർന്നാണ് അഡ്വ. മുഹമ്മദ് ഷാഫി മുഖേന നിഹാലിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. ആരോപണ വിധേയനായ അദ്ധ്യാപകനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് കണ്ണൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.


