ന്യൂഡൽഹി: രോഹിണി കോടതിയിലെ വെടിവെപ്പിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേലുമായി അദ്ദേഹം സംസാരിച്ചു. കോടതിയുടെ നടപടികളെ ബാധിക്കാതിരിക്കാൻ പൊലീസിനോടും ബാർ അസോസിയേഷനോടും ചർച്ച നടത്തണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അദ്ദേഹം നിർദേശിച്ചു.

രോഹിണി കോടതിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഗുണ്ട നേതാവ് ജിതേന്ദർ ഗോഗിയെ കോടതിയിൽ ഹാജരാക്കുമ്പോൾ ആയിരുന്നു സംഭവം. ഗോഗിയെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയപ്പോൾ ആക്രമണം നടത്തിയവരെ പൊലീസ് വധിക്കുകയായിരുന്നു.

ഗോഗി - ടില്ലു എന്നീ 2 ഗുണ്ട തലവന്മാർ തമ്മിലുള്ള കുടിപ്പകയാണ് കോടതി മുറിയിലെ വെടിവെപ്പിൽ കലാശിച്ചത്. കസ്റ്റഡിയിലായിരുന്ന ജിതേന്ദർ ഗോഗിയെ പൊലീസ് ഉച്ചയോടെ രോഹിണി കോടതിയിൽ ഹാജരാക്കി. ഈ സമയം 207 ആം നമ്പർ കോടതി മുറിയിൽ എത്തിയ ടില്ലുവിന്റെ അനുയായികൾ ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് രണ്ട് അക്രമികളെയും വധിച്ചു.സുരക്ഷാ ക്രമീകരണങ്ങൾ മറി കടന്ന് അഭിഭാഷക വേഷത്തിലാണ് തോക്കുമായി ഗുണ്ടകളായ രാഹുലും മോറിസും കോടതി മുറിക്കുള്ളിൽ കയറിയത്.