- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ഒരുവർഷം നീണ്ടുനിൽക്കുന്ന ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിസ്മൃതി ഉൾപ്പെടെ വിവിധ പരിപാടികൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തിരമായി ഏറ്റെടുക്കേണ്ട പരിപാടികൾ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞെന്നും സമയബന്ധിതമായി പരിപാടികൾ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധികാര വികേന്ദ്രീകരണ പ്രക്രിയ, ഗാന്ധിജിയുടെ ഇന്ത്യയിൽ എന്ന വിഷയത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. ഗ്രാമസ്വരാജിന്റെ പ്രയോക്താവ് കൂടിയായ രാഷ്ട്രപിതാവിന്റെ സ്മരണ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ ഓഫീസുകളിലും ഒക്ടോബർ 2, 3 തിയതികളിൽ ക്ലീൻ ഓഫീസ് ഡ്രൈവും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളിൽ നിന്നും പഴകിയതും ഉപയോഗശൂന്യമായതും ജനങ്ങൾക്ക് ഇടപഴകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വസ്തുക്കളും കടലാസുകളും മറ്റും നീക്കം ചെയ്യും.
മാറാലകൾ കെട്ടികിടക്കുന്ന അവസ്ഥ ഒരു ഓഫീസിലും ഉണ്ടാവാൻ പാടില്ല. ഓഫീസിലുള്ളതുകൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ശൗച്യാലയങ്ങളും ശുചീകരിക്കും. ഫർണിച്ചറുകളിലും ജനാലകളിലും മറ്റും കെട്ടിക്കിടക്കുന്ന പൊടിയും മാറാലയും വൃത്തിയാക്കും. അനിവാര്യമായ അറ്റകുറ്റപ്പണികളും നടത്തും. ഓഫീസുകളുടെ പരിസരത്തെ കാടും മറ്റും ഇല്ലാതാക്കി വിപുലമായ ശുചീകരണം നടത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ജനകീയാസൂത്രണ ചരിത്രം വിപുലമായി രേഖപ്പെടുത്തേണ്ടതുണ്ട്. ചുരുങ്ങിയത് പതിനായിരം പേരിൽ നിന്ന് അനുഭവങ്ങൾ രേഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. അതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ ഓരോ തദ്ദേശ സ്ഥാപനത്തിനും കില ലഭ്യമാക്കും. ഓരോ ജില്ലയിൽ നിന്നും ജനകീയാസൂത്രണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തികളെ നേരിട്ട് കണ്ട് അനുഭവങ്ങൾ ശേഖരിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതികളിലെ സർക്കാർ നോമിനിക്കും ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റർക്കും ചുമതല നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ സത്വരമായ നടപടികളും തീരുമാനങ്ങളും ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബർ അവസാനവാരം വകുപ്പിന്റെ എല്ലാ തലങ്ങളിലും അദാലത്ത് സംഘടിപ്പിക്കണം. അതിനുള്ള മുന്നൊരുക്കങ്ങൾ ഈ മാസം തന്നെ ആരംഭിക്കണം. വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം കാറ്റഗറി തിരിച്ച് ശേഖരിക്കുന്നതിനൊപ്പം അദാലത്തിന്റെ മുന്നോടിയായി പരാതികൾ സ്വീകരിച്ച് നടപടിക്രമങ്ങളിലേക്ക് കടക്കണമെന്ന് ഗോവിന്ദൻ മാസ്റ്റർ കൂട്ടിചേർത്തു
മറുനാടന് മലയാളി ബ്യൂറോ