- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പറഞ്ഞതിലും അധികം മുടി മുറിച്ചു; മോഡലിന്റെ പരാതിയിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
ന്യൂഡൽഹി: ആവശ്യപ്പെട്ടതിലും അധികം മുടിമുറിച്ചെന്ന പരാതിയിൽ മോഡലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷന്റെ വിധി. മുടി മുറിച്ചതോടെ കരിയറിൽ അവസരങ്ങൾ നഷ്ടമാകാൻ ഇടയാക്കിയെന്നും ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്നുമുള്ള മുടി വെട്ടിനശിപ്പിച്ചെന്ന് ആരോപിച്ച് ആഡംബര ഹോട്ടൽ ശൃംഖലയ്ക്കെതിരെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ച യുവതിക്കാണ് നഷ്ടപരിഹാരം നൽകാൻ വിധിവന്നത്. കമ്മീഷൻ അധ്യക്ഷൻ ആർ.കെ. അഗർവാൾ, അംഗം ഡോ. എസ്.എം. കാന്തികാർ എന്നിവരാണ് യുവതിക്ക് രണ്ടുകോടിരൂപ നഷ്ടപരിഹാരം നൽകാൻ ഹോട്ടൽ ശൃംഖലയ്ക്ക് നിർദ്ദേശം നൽകിയത്.
നിരവധി കേശോൽപ്പന്നങ്ങളുടെ മോഡലായിരുന്നു പരാതിക്കാരിയായ യുവതി. വി.എൽ.സി.സി., പാന്റീൻ തുടങ്ങിയവയ്ക്കു വേണ്ടി ഇവർ മോഡലായിട്ടുണ്ട്. മുടി മുറിച്ചു കളഞ്ഞതോടെ നിരവധി അവസരങ്ങൾ നഷ്ടമാകുക ആയിരുന്നു. 2018-ലാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. 2018 ഏപ്രിൽ പന്ത്രണ്ടിന് മുടിമുറിക്കുന്നതിന് വേണ്ടി ഹോട്ടലിന്റെ സലൂണിലെത്തി. ഒരാഴ്ചയ്ക്കു ശേഷമുള്ള ഒരു അഭിമുഖത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മുടിയുടെ നീളം കുറയ്ക്കാനും മറ്റും യുവതി തീരുമാനിച്ചത്. മുൻപും ഈ സലൂണിൽ യുവതി വന്നിട്ടുണ്ട്. ആ സമയങ്ങളിൽ മുടിമുറിച്ചു നൽകിയിട്ടുള്ളയാളെ യുവതി തിരക്കി. എന്നാൽ ആ ആൾ അന്ന് സലൂണിലുണ്ടായിരുന്നില്ല.
തുടർന്ന് മറ്റൊരു ജീവനക്കാരി യുവതിയുടെ മുടി മുറിക്കാനെത്തി. മുൻപ് ഈ ജീവനക്കാരിയുടെ സേവനത്തിൽ യുവതി തൃപ്തയായിരുന്നില്ല. അക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ജീവനക്കാരി ജോലിയിൽ മെച്ചപ്പെട്ടുവെന്ന് പറഞ്ഞ് സലൂൺ മാനേജർ യുവതിക്ക് ഉറപ്പു നൽകി. തുടർന്ന് മുടി മുറിക്കാൻ ജീവനക്കാരിക്ക് യുവതി അനുമതി നൽകി. ഏത് രീതിയിൽ വേണം മുടിമുറിക്കാനെന്ന് യുവതി ജീവനക്കാരിക്ക് കൃത്യമായി നിർദ്ദേശം നൽകുകയും നാലിഞ്ച് മുടി വെട്ടാനും പറഞ്ഞു. എന്നാൽ യുവതി പറഞ്ഞുകൊടുത്തതിന് വിപരീതമായി വെറും നാലിഞ്ച് മാത്രം ബാക്കിവെച്ച് ജീവനക്കാരി യുവതിയുടെ മുടി മുറിക്കുകയായിരുന്നു. ഇതോടെ കഷ്ടിച്ച് തോളൊപ്പമായി യുവതിയുടെ മുടിയുടെ നീളം.
മുടി മുറിച്ചതിലെ അപാകതയെ കുറിച്ച് സലൂൺ മാനേജരോടു യുവതി പരാതി പറഞ്ഞു. എന്നാൽ ജീവനക്കാരിക്കെതിരെ അവർ യാതൊരു നടപടിയും കൈക്കൊണ്ടില്ല. തുടർന്ന് ഏപ്രിൽ 13-ന് സലൂണിന്റെ ജനറൽ മാനേജർക്ക് യുവതി പരാതി നൽകി. എന്നാൽ മാനേജർ തന്നോട് അപമര്യാദയായി പെരുമാറിയെന്നും സലൂണിനെതിരെ എന്തുവേണമെങ്കിലും ചെയ്തോ എന്നു പറഞ്ഞതായും യുവതി ഉപഭോക്തൃ കമ്മീഷന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, സലൂണിൽനിന്ന് മുടി മുറിക്കലും ഹെയർ ട്രീറ്റ്മെന്റും യുവതിക്ക് സൗജന്യമായാണ് ചെയ്തു നൽകിയിരുന്നതെന്നും അതിനാൽ ഉപഭോക്തൃനിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു പരാതിയെ എതിർത്തുകൊണ്ടുള്ള ഹോട്ടലിന്റെ വാദം. മാത്രമല്ല, യുവതി ആവശ്യപ്പെട്ട നഷ്ടപരിഹാരം അടിസ്ഥാനമില്ലാത്തതാണെന്നും ഹോട്ടൽ പറഞ്ഞു. എന്നാൽ സംഭവത്തെ തുടർന്ന് പ്രതീക്ഷിച്ചിരുന്ന അവസരങ്ങൾ യുവതിക്ക് കൈവിട്ടുപോയെന്നും വൻനഷ്ടം സംഭവിച്ചുവെന്നും അതവരുടെ ജീവിതശൈലി അപ്പാടെ മാറ്റുന്നതിലേക്കും ടോപ് മോഡലാവുക എന്ന സ്വപ്നം നശിപ്പിക്കുന്നതിനും കാരണമായെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
മോഡലിങ്ങിനൊപ്പം സീനിയർ മാനേജ്മെന്റ് പ്രൊഫഷണലായും ജോലി ചെയ്തുവരികയായിരുന്നു പരാതിക്കാരി. മുടിമുറിച്ച സംഭവം പരാതിക്കാരിയെ മാനസിക സമ്മർദ്ദത്തിലേക്കും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയിലേക്കും തള്ളിവിട്ടെന്നും ഒടുവിൽ അവർക്ക് ജോലി നഷ്ടമാവുകയും ചെയ്തതായും കമ്മീഷൻ കണ്ടെത്തി.