- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് ഒരു സംഘം എം പി മാർ; ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആഭ്യന്തരകാര്യമെന്ന് മന്ത്രി; ഇത് അനുവദിക്കില്ലെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്
ബ്രിട്ടീഷ് പാർലമെന്റിലെ ഒരു സർവ്വകക്ഷി സംഘം കാശ്മീരിലെ മനുഷ്യാവകാശത്തെ കുറിച്ച് ഒരു പ്രമേയം ഇന്നലെ ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു. ഇന്ത്യ ഇതിനെതിരെ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഉന്ത്യയുടെ പരമാധികാരത്തിൻ കീഴിലുള്ള ഒരു പ്രദേശത്തെ സംബന്ധിച്ച കാര്യങ്ങൾ ഏത് ഫോറത്തിൽ ചർച്ച ചെയ്യണമെങ്കിലും അതിന് ശക്തമായ തെളിവുകൾ കൂടി ഹാജരാക്കേണ്ടതായിട്ടുണ്ട് എന്നാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.
പാർലമെന്റ് അംഗങ്ങൾ അവതരിപ്പിച്ച പ്രമേയത്തിനോടുള്ള പ്രതികരണമായി ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവെലപ്മെന്റ് ഓഫീസിലെ ഏഷ്യൻ കാര്യങ്ങളുടെ മന്ത്രിയായ അമൻഡ മില്ലിങ് പ്രതികരിച്ചത് ബ്രിട്ടന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയായിരുന്നു. കാശ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്നമാണെന്നാണ് ഇതിനോടുള്ള ബ്രിട്ടന്റെ നിലപാട്. അത് ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കപ്പെടണം, അമൻഡ വ്യക്തമാക്കി.
കാശ്മീരിലെ പ്രശ്നങ്ങൾ സർക്കാർ ഗൗരവകരമായി തന്നെ എടുക്കുകയാണെന്നും എന്നാൽ, ഇത് ഇരു രാജ്യങ്ങളും ചേർന്ന് പരിഹരിക്കേണ്ട ഒന്നാണെന്നും അവർ പാർലമെന്റിൽ പ്രസ്താവിച്ചു. ഇക്കാര്യത്തിൽ മധ്യസ്ഥം വഹിക്കുവാനോ അല്ലെങ്കിൽ ഏതെങ്കിലും നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുവാനോ ബ്രിട്ടൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു. ചർച്ചകൾക്കിടയിൽ ചില എം പി മാർ ഉപയോഗിച്ച ഭാഷയോടുള്ള അതൃപ്തി അമൻഡ രേഖപ്പെടുത്തുകയും ചെയ്തു. പ്രത്യേകിച്ചും പാക് വംശജനായ ലേബർ എം പി നാസ് ഷായുടെ വാക്കുകളാണ് അമൻഡയുടെ അതൃപ്തിക്ക് ഇടയാക്കിയത്.
അതേസമയം ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ഉയർന്ന വിമർശനങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യൻ ഹൈക്കമ്മീഷൻ വക്താവ് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നത് ഉറപ്പിച്ചു പറഞ്ഞു. മഹത്തരമായ ജനാധിപത്യം എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള ബ്രിട്ടീഷ് പാർലമെന്റ് പോലുള്ള ഒരിടത്ത് വ്യക്തമായ തെളിവുകൾ ഒന്നുമില്ലാതെ ഇത്തരത്തിലുള്ള ചർച്ചകൾ ഉണ്ടായത് ഖേദകരമാണെന്നും ഹൈക്കമ്മീഷൻ വക്താവ് പറഞ്ഞു. 2020 മാർച്ചിൽ നടക്കാനിരുന്ന ഈ ചർച്ച കോവിഡ് പ്രതിസന്ധിമൂലം നീട്ടിവയ്ക്കുകയായിരുന്നു. പാക് അധിനിവേശ കാശ്മീർ സന്ദർശിച്ച ലേബർ എം പി ഡെബ്ബീ അബ്രഹാംസ് ആണ് പ്രമേയം അവതരിപ്പിച്ചത്.
എന്നാൽ, സമാധാനം കാംക്ഷിക്കുന്ന കാശ്മീരികൾക്കായി മനുഷ്യാവകാശങ്ങൾ അടിസ്ഥാനമാക്കിയാണ് താൻ പ്രമേയം അവതരിപ്പിക്കുന്നതെന്ന് ഡെബ്ബി പറഞ്ഞു. ഇത് ഏതെങ്കിലും രാജ്യത്തിന് അനുകൂലമായൊ പ്രതികൂലമായോ അല്ല എന്നും അവർ പറഞ്ഞു. വിവിധ പാർട്ടികളിൽ നിന്നും എം പിമാർ പങ്കെടുത്ത ചർച്ചയിൽ മറ്റൊരു ലേബർ എം പിയായ ബാരി ഗാർഡിനർ മേഖലയിൽ പാക്കിസ്ഥാൻ നടത്തുന്ന ഭീകരപ്രവർത്തനങ്ങളിൽ ഊന്നിയായിരുന്നു സംസാരിച്ചത്. തൊട്ടടുത്തുള്ള അഫ്ഗാനിസ്ഥാനുമായാണ് പാക് അധിനിവേശ മേഖലയെ അദ്ദേഹം താരതമ്യപ്പെടുത്തിയത്.
വർഷങ്ങളായി പാക്കിസ്ഥാൻ താലിബാൻ നേതാക്കൾക്ക് അഭയം നൽകുകയാണെന്നും പാക് ചാരസംഘടനയായ ഐ എസ് ഐ ഭീകരക്ക് വേണ്ട പല സഹായങ്ങളും ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൺസർവേറ്റീവ് പാർട്ടി എം പി മാരായ ബോബ്ബ് ബ്ലാക്ക്മാനും തെരേസ വില്ലിയേഴ്സും ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവേ ഇന്ത്യൻ ജനാധിപത്യത്തിലുള്ള വിശ്വാസം ഉറച്ചതാണെന്നു പറഞ്ഞു. കാശ്മീരിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കോവിഡ് പ്രതിസന്ധിയിലും പൂർത്തിയാക്കിയതിനെ കുറിച്ചും അവർ എടുത്തു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ