- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
രാത്രിയിൽ കിടന്നുറങ്ങുമ്പോൾ കട്ടിലോടെ പൊങ്ങി പറക്കും; താഴെ നിലയിലിറങ്ങിയാൽ അദൃശ്യമായ തണുത്ത സ്പർശനം; അദൃശ്യരായ ആത്മാക്കളുടേ സാന്നിദ്ധ്യം ഭയപ്പെടുത്തും; ഹിറ്റ് ഹോളിവുഡ് ഹൊറർ സിനിമകൾക്ക് പ്രചോദനം; ബ്രിട്ടണിലെ ആ പ്രേതഭവനം വിൽപനയ്ക്ക്
അമേരിക്കയിലെ ന്യു ഇംഗ്ലണ്ട് മേഖലയിലെ ഒരു സംസ്ഥാനമാണ് റോഡ് ഐലൻഡ്. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വൻകരയിൽ തന്നെയാണ് സ്ഥിതിചെയ്യുന്നതെങ്കിലും തൊട്ടടുത്തുള്ള ദ്വീപിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഡച്ച് സഞ്ചാരിയായ അഡ്രിയാൻ ബ്ലോക്ക് 1625-ൽ ഇതുവഴി കടൽ മാർഗ്ഗം സഞ്ചരിക്കുകയുണ്ടായി. അന്ന് കണ്ടെത്തിയ ചുവന്ന ദ്വീപിനെ കുറിച്ച് അദ്ദേഹം തന്റെ യാത്രാവിവരണത്തിൽ എഴുതിയിട്ടുമുണ്ട്. ചുവന്ന ദ്വീപ് എന്ന അർത്ഥത്തിലുള്ള റോഡ്സ് ഐലൻഡ് എന്ന പേരുവന്നതും അങ്ങനെയാണെന്ന് കരുതപ്പെടുന്നു.
പ്രേതകഥകൾ ഉറങ്ങുന്ന റോഡ്സ് ഐലണ്ട്
ഇന്ത്യയിലെ ഏതൊരു ഗ്രാമത്തേയും പോലെ നിരവധി ഐതിഹ്യങ്ങളും മുത്തശ്ശിക്കഥകളും നാടോടിക്കഥകളും ഉറങ്ങുന്ന മണ്ണണ്ണാണ് റോഡ്സ് ഐലണ്ടിലേതും. എന്നാൽ അവയിൽ മിക്കതും തികച്ചും പേടിപ്പെടുത്തന്ന കഥകളാണെന്നതാണ് വ്യത്യാസം. ഭീമൻ നീരാളി മുതൽ നഖം നീട്ടിവളർത്തിയെത്തുന്ന ഫിംഗർനെയിൽ ഫ്രെഢി എന്ന ക്രൂരൻ വരെ നിരവധി കഥകൾ ഇന്നും പ്രചാരത്തിലുണ്ട്. അവയിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മേഴ്സി ബ്രൗൺ എന്ന രക്തരക്ഷസ്സിന്റെ കഥ.
1892-ൽ മരണമടഞ്ഞ 19 വയസ്സുകാരിയായ ഒരുപെൺകുട്ടിയാണത്രെ രക്തരക്ഷസ്സായി മാറിയത്. ക്ഷയരോഗം ബാധിച്ചതിനെ തുടർന്നായിരുന്നു മേഴ്സി മരണമടഞ്ഞത്. അതിനെ തുടർന്ന് മേഴ്സിയുടെ അമ്മയും ഇതേരോഗത്താൽ മരണമടഞ്ഞു. അന്ന് ക്ഷയരോഗത്തെ കുറിച്ച് അധികം അറിവുകൾ ഇല്ലാതിരുന്ന കാലം. ഏതോ ദൈവകോപം എന്നായിരുന്നു മേഴ്സിയുടെ കുടുംബം വിശ്വസിച്ചത്. അധികം വൈകാതെ കുടുംബത്തിലെ മൂന്ന് സ്ത്രീകൾ കൂടി സമാനമായ സാഹചര്യത്തിൽ മരണമടഞ്ഞപ്പോൾ നാട്ടിലാകെ ഭയം കനക്കുവാൻ തുടങ്ങി.
മേഴ്സിയുടെ സഹോദരനും രോഗം പിടിപെട്ടപ്പോൾ ജനം ഇളകി. മേഴ്സി ഒരു ദുർമന്ത്രവാദിയായിരുന്നു എന്നും അവളുടേ പ്രവർത്തികളാണ് ഇത്തരത്തിലുള്ള രോഗങ്ങൾ കൊണ്ടുവരുന്നതെന്നുമായിരുന്നു അവർ ആരോപിച്ചത്. കുടുംബത്തിലെ മരണമടഞ്ഞ അംഗങ്ങളെ അടക്കിയ കല്ലറകളിൽനിന്നും എല്ലാവരേയും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തിയായി ഉയർന്നു. ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങൾ കത്തിച്ചുകളയണം എന്നായിരുന്നു അവരുടെ ആവശ്യം.
ജനങ്ങളുടേ ആവശ്യത്തിനു ശക്തി വർദ്ധിച്ചതോടെ മേഴ്സിയുടെ പിതാവ് ജോർജ്ജ് ബ്രൗൺ അതിനു വഴങ്ങി. അധികാരികളുടെ അനുമതിയോടെ കല്ലറകൾ പൊളിച്ചു. മേഴ്സിയുടെ സഹോദരി മേരിയുടെ മൃതദേഹം ഏതാണ്ട് അഴുകാൻ തുടങ്ങിയിരുന്നു. അവളുടെ അമ്മയുടെ മൃതദേഹം പൂർണ്ണമായും അഴുകിയിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മേഴ്സിയുടെ മൃതദേഹത്തിനു മാത്രം യാതൊരു കോട്ടവും തട്ടിയിരുന്നില്ലത്രെ. മൃതദേഹം കീറി മുറിച്ച ജോർജ്ജ് കണ്ടത് അപ്പോഴും മിടിക്കുന്ന ഹൃദയമായിരുന്നത്രെ!
ഹൃദയത്തിനുള്ളിൽ ചുടു രക്തവുമുണ്ടായിരുന്നു എന്ന വാർത്ത പരന്നതോടെ മേഴ്സി ഒരു രക്തരക്ഷസാണെന്ന് എല്ലാവരും കരുതാൻ തുടങ്ങി. മിടിക്കുന്ന ഹൃദയം അതുപോലെ തന്നെ ആളിക്കത്തുന്ന അഗ്‌നികുണ്ഡത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്നിരുന്നാലും മേഴ്സിയുടെ ശക്തി പൂർണ്ണമായും നശിച്ചിട്ടില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്നും അവളെ ആദ്യം അടക്കിയ സെമിത്തേരിയിലെ കല്ലറയ്ക്ക് മുന്നിൽ അവളുടെ ആത്മാവിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ഇതുപോലെ നിരവധി പ്രേതകഥകളാണ് ഇന്നും ഇവിടത്തുകാരുടെ മനസ്സിലുള്ളത്. എന്നാൽ അവയിലൊക്കെ പ്രധാനമായ ഒന്ന് ഇവിടത്തെ ഒരു പ്രേതഭവനത്തെ കുറിച്ചുള്ളതാണ്. ഒരൊറ്റ വാരാന്ത്യത്തിൽ മാത്രം 41.5 ഡോളർ കളക്ഷൻ നേടിയ കൺജ്യുറിങ് എന്ന സിനിമ ഉൾപ്പടെ നിരവധി ഹോളിവുഡ് സിനിമകൾക്ക് ആധാരമായ സംഭവ പരമ്പരകൾ നടന്ന സ്ഥലമാണിത് എന്നാണ് പറയപ്പെടുന്നത്. 2013-ൽ ഇറങ്ങിയ ഈ സിനിമയുടെ വൻവിജയത്തെ തുടർന്ന് കോൺജ്യൂറിങ് പാർട്ട് 2, ദി നൺ, അന്നബെല്ലെ കം ഹോം തുടങ്ങി ഏഴോളം ചിത്രങ്ങളാണ് ഈ ബംഗ്ലാവിൽ വിവിധ കാലഘട്ടങ്ങളിൽ താമസിച്ചിരുന്നവരുടെ അനുഭവങ്ങ്ളെ അടിസ്ഥാനമാക്കി പുറത്തുവന്നത്.
റോഡ്സിലെ പ്രേതഭവനം
കോൺജ്യൂറിങ് എന്ന സിനിമ സൂപ്പർ ഹിറ്റ് ആയതോടെ കോൺജ്യുറിങ് ഹോം എന്നറിയപ്പെടാൻ തുടങ്ങിയ ഈ ഫം ഹൗസ് സ്ഥിതി ചെയ്യുന്നത് 8.5 ഏക്കർ പുരയിടത്തിലാണ് 14 മുറികളുള്ള ഈ കെട്ടിടത്തിന്റെ മൊത്തം വിസ്തീർണ്ണം 3,109 ചതുരശ്രയടിയും. പതിനെട്ടാം നൂറ്റാണ്ടി പണികഴിപ്പിച്ച ഈ കെട്ടിടത്തിൽ ആരും ഏറെക്കാലം താമസിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇവിടെ, പല കാലങ്ങളിലായി താമസിച്ച പലർക്കും വ്യത്യസ്ത തരത്തിലുള്ള വിചിത്രാനുഭവങ്ങൾ ഉണ്ടായതായി പറയപ്പെടുന്നു.
1736-ൽ കേപ്പ് കോഡ് ശൈലിയിൽ പണികഴിപ്പിച്ച ഈ കെട്ടിടത്തിലെ വിചിത്രാനുഭവങ്ങൾ പക്ഷെ ലോകമാകെ അറിഞ്ഞത് 1970 കളിൽ ഇവിടെ താമസിക്കാൻ എത്തിയ പെറോൺ കുടുംബത്തിന്റെ അനുഭവങ്ങളിൽ നിന്നാണ്. രാത്രികാലങ്ങളിൽ ഉറങ്ങിക്കിടക്കുമ്പോൾ ആരോ ഉയർത്തിയതുപോലെ കട്ടിലുകൾ പൊങ്ങുമായിരുന്നത്രെ! മാത്രമല്ല, ആ സമയം മുറിക്കുള്ളിലാകെ അഴുകിയ മാംസത്തിന്റെ ഗന്ധവും പടരുമായിരുന്നു. കെട്ടിടത്തിന്റെ സെല്ലാറിൽ (ഭൂമിക്കടിയിലെ മുറി) എപ്പോഴും കൊടുംതണുപ്പായിരിക്കും എന്നും പറയപ്പെടുന്നു.
പകൽ സമയത്തും നരിച്ചീറുകൾ പറക്കുന്ന സെല്ലാറിനകത്ത് ആരു കയറിയാലും എവിടെനിന്നെന്നറിയാതെ ഒരു തണുത്ത സ്പർശനം ഏല്ക്കുമത്രെ, ആരോ തോണ്ടി വിളിക്കുന്നതുപോലെ. ഒമ്പതു വർഷം മാത്രമായിരുന്നു പെറോൺ കുടുംബം ഈ വീട്ടിൽ താമസിച്ചത്. ഇതിനിടയിൽ ഈ കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ ദേഹത്ത് ആത്മാവ് കയറി എന്നാണ് പറയപ്പെടുന്നത്. അന്ന് അസാധാരണ ജീവികളെ കുറിച്ച് പഠനം നടത്തിയിരുന്ന ഡെമെണോളജിസ്റ്റുകളായ എഡ്, ലൊറെയ്ൻ എന്നിവരെ ഈ കുടുംബം വിളിച്ചു വരുത്തിയതായും പറയുന്നു.
പിന്നീട് കോൺജ്യോരിംഗും എന്ന സിനിമയുടെ നിർമ്മാണത്തിൽ ഒരു കൺസൾട്ടന്റായും ഈ ലോറേയ്ൻ പ്രവർത്തിച്ചിരുന്നു. ഇദ്ദേഹമാണ് ഈ കെട്ടിടത്തിന്റെ കഥ പുറം ലോകത്ത് എത്തിച്ചത്. തങ്ങളുടെ പ്രെതാന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ലോറെയ്നും എഡും രേഖകളാക്കി സൂക്ഷിച്ചിരുന്നു. അതിനെ ആശ്രയിച്ചാണ് കോൺജ്യുറിംഗും മറ്റ് ഏഴു സിനിമകളും ഇറങ്ങിയത്.
ബാത്ത്ഷെബ ഷെർമാൻ എന്ന പ്രതികാരദാഹി
എഡിന്റെയും ലൊറെയ്ന്റെയും അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ആരംഭിക്കുന്നത് 1812-ൽ റോഡ്സ് ഐലൻഡിൽ ജനിച്ച ബാത്ഷെബ തായെർ എന്ന സ്ത്രീയിൽ നിന്നാണ്. 1844-ൽ ജൂഡ്സൺ ഷെർമാൻ എന്ന ഒരു കർഷകനെ വിവാഹം കഴിച്ചതോടെ ഇവർ ബാത്ത്ഷെബ ഷെർമാൻ ആയി. ജൂഡ്സൺ തന്റെ വീടിനു ചുറ്റുമുള്ള വയലേലകളിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടുവന്നപ്പോൾ ബാത്ത്ഷെബ ഒരു കുടുംബിനി ആയി ഒതുങ്ങിക്കൂടുകയായിരുന്നു.
ഏകദേശം 37 വയസ്സുള്ളപ്പോൾ ഇവ്ര് ഹെർബെർട്ട് എന്നൊരു പുത്രന് ജന്മം നൽകിൽ ഇവർക്ക് ഇയാളെ കൂടാതെ മറ്റ് മൂന്നു കുട്ടികൾ കൂടി ഉണ്ടായി എന്നും എന്നാൽ അവരാരും ഏഴു വയസ്സിൽ കൂടുതൽ ജീവിച്ചിരുന്നില്ല എന്നും പറയപ്പെടുന്നുണ്ടെങ്കിലും അതിനുള്ള രേഖകളൊന്നും തന്നെ സെൻസസ് റെക്കോർഡുകളിലില്ല. ഇവർ ഒരു ദുർമന്ത്രവാദിയാണെന്നും സലേം വിച്ച് ഹണ്ടിൽ കൊലചെയ്യപ്പെട്ട ഒരു ദുർമന്ത്രവാദിനിയുടെ ബന്ധുവാണെന്നും പറയപ്പെടുന്നുണ്ടെങ്കിലും അതിനും തെളിവില്ല.
ഒരിക്കൽ ഇവരുടെ വീട്ടിൽ എത്തിയ ഏഴുവയസ്സുള്ള ഒരു കുട്ടിയുടെ മരണത്തോടെയാണ് ബാത്ത്ഷെബ ഒരു ദുർമന്ത്രവാദിനിയാണെന്ന വിശ്വാസത്തിന് ശക്തികൂടിയത്. മരിച്ച കുട്ടിയുടെ തലയോട്ടിയുടെ അടിഭാഗത്തായി കുത്തിയിറക്കിയ ഒരു തയ്യൽ സൂചി കണ്ടെത്തിയിരുന്നു. ഇതോടെ, ചെകുത്താന് ബലി നൽകാൻ ബാത്ത്ഷെബ കുട്ടിയെ കൊല്ലുകയായിരുന്നു എന്ന അഭ്യുഹമുയർന്നു. എന്നാൽ, ഔദ്യോഗിക അന്വേഷണങ്ങളിലൊന്നും അവർ ഒരു കൊലപാതകിയാണെന്ന് തെളിഞ്ഞിരുന്നില്ല.
പിന്നീടും കുറേക്കാലം അവർ ജീവിച്ചിരുന്നു. ദുർമന്ത്രവാദിനി എന്ന പെരുവീണ ഇവരുമായി ആർക്കും അടുപ്പമുണ്ടായിരുന്നില്ല. തന്റെ എഴുപത്തിമൂന്നാംവയസ്സിൽ 1885-ൽ ഇവർ മരണമടൻഞ്ഞു. ആത്മഹത്യയാണെന്നും ദുർമന്ത്രവാദം ചെയ്തു എന്ന് ആരോപിച്ച് നാട്ടുകാർ കൊന്നതാണെന്നും പറയപ്പെടുന്നുണ്ടെങ്കിലും അതിനു തെളിവുകൾ ഒന്നുമില്ല.
റോഡ്സ് ഐലണ്ടിലെ ഹാരിസ്വില്ലി സെമിത്തേരിയിലായിരുന്നു ഇവരെ അടക്കം ചെയ്തത്. മരണമടഞ്ഞതിന്റെ മൂന്നാം നാൾ ഇവർ ഉയർത്തെഴുന്നേറ്റു എന്നാണ് കഥകൾ പറയുന്നത്. പിന്നീട് തന്റെ ഫാം ഹൗസിലെത്തിയ ഇവരുടെ ആത്മാവ് ഇവിടം വിട്ടുപോകാൻ കൂട്ടാക്കിയില്ലത്രെ. പിതാവിന്റെ മരണശേഷം ആത്മാവിന്റെ ശല്യം സഹിക്കാതെ മകൻ വീട് വിറ്റു പോയി എന്നാണ് പറയുന്നത്. അതുമുതൽ ഈ വീട് പലരുടെയും കൈമറിഞ്ഞു. വാങ്ങിയവരാരും തന്നെ അധികനാൾ ഇവിടെ തങ്ങിയിട്ടില്ല. വളരെ വിചിത്രങ്ങളായ അനുഭവങ്ങളാണ് ഇവർക്കൊക്കെ ഉണ്ടായിട്ടുള്ളത്.
എന്നാൽ ഈ വീടിനെ കുറിച്ച് ജനങ്ങൾ കൂടുതലായി അറിയുന്നത് 1971-ൽ ഇതുവാങ്ങി ഇവിടെ താമസമാരംഭിച്ച പെറോൺ കുടുംബത്തിനുണ്ടായ അനുഭവങ്ങളിൽ നിന്നാണ്. ആ കുടുംബത്തിലെ മൂത്ത മകളായിരുന്ന ആൻഡ്രിയ പെറോൺ 2013-ൽ യു എസ് എ ടുഡേയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് വിചിത്രമായ കാര്യങ്ങൾ വെളിപ്പെടുത്തിയത്. മറ്റു പലർക്കും ഉണ്ടായതുപോലെ രാതിസമയം കട്ടിലുകൾ മുറിക്കുള്ളിൽ ഉയർന്ന് പൊങ്ങുമെന്നും അപ്പോൾ മുറിയിലാകെ ചീഞ്ഞ മാംസത്തിന്റെ ഗന്ധം ഉണ്ടാകുമെന്നും അവർ പറഞ്ഞു.
ആൻഡ്രിയ പെറോണിന്റെ വെളിപ്പെടുത്തലുകൾ
1971 ജനുവരി മുതൽ 1980 അവസാനം വരെയായിരുന്നു തന്റെ കുടുംബം 14 മുറികളുള്ള ആ ഫാം ഹൗസിൽ താമസിച്ചിരുന്നതെന്ന് അവർ വെളിപ്പെടുത്തുന്നു. ആ വീട്ടിൽ ഒന്നിലധികം ആത്മാക്കൾ ഉണ്ടെന്നും എന്നാൽ അവയിൽ പലതും നിരുപദ്രവകാരികളാണെന്നുമായിരുന്നു അവർ പറഞ്ഞത്. എന്നാൽ ബാത്ത്ഷെബയുടെതുപോലെ ചില കോപിഷ്ഠരായ ആത്മാക്കളുമവിടെ ഉണ്ടത്രെ! ഇപ്പോഴും ആ വീടിന്റെ ഉടമയായിട്ടാണ് ബാത്ത്ഷെബയുടെ ആത്മാവ് സ്വയം കണക്കാക്കുന്നതെന്നും അതുകൊണ്ടു തന്നെ അവരുടെ ആക്രമണങ്ങൾ ഏറെ ഏൽക്കേണ്ടി വന്നത് തന്റെ അമ്മയ്ക്കായിരുന്നു എന്നും അവർ പറയുന്നു.
ആത്മാക്കളുടെ സാന്നിദ്ധ്യമുണ്ടാകുമ്പോൾ മുറിക്കുള്ളിലാകെ അഴുകിയ മാംസത്തിന്റെ ഗന്ധം പടരും. ഒട്ടു മിക്ക ദിവസങ്ങളിലും തങ്ങൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ആൻഡ്രിയ പറഞ്ഞത്. അതുപോലെ വീടിന്റെ ഏറ്റവും താഴത്തെ നില വൃത്തികേടായി കിടക്കുന്നതിനാൽ അവിടെ ആരും പോകാറില്ലായിരുന്നു എന്നും അവർ പറഞ്ഞു. സദാസമയവും അന്ധകാരം മൂടിക്കിടക്കുന്ന ആ ഭൂഗർഭ അറയിൽ പകൽ സമയത്തുപോലും നരിച്ചീറുകളുടെ ചിറകടി ശബ്ദം കേൾക്കാം. മാത്രമല്ല അവിടെ എപ്പോഴും അഴുകിയ മാംസത്തിന്റെ ഗന്ധമായിരിക്കും.
പ്രേതാത്മാക്കൾ കുടിയിരിക്കുന്നത് ആ ഭൂഗർഭ അറയിലാണത്രെ. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങൾ ആരും അങ്ങോട്ട് പോകാറില്ല. എന്നാൽ, ഒന്നുരണ്ടു തവണ തന്റെ പിതാവിനെ അവിടെ പോകേണ്ടതായി വന്നു. മുറികളിൽ ചൂടുപിടിപ്പിക്കുന്ന സംവിധാനം തകരാറിലായതിനാൽ അത് ശരിയാക്കുവാനായിരുന്നു അയാൾ അവിടെ പോയത്. അപ്പോഴെല്ലം ഒരു അദൃശ്യ സ്പർശം അദ്ദേഹത്തിന് അനുഭവിക്കേണ്ടതായി വന്നുവത്രെ! തണുത്ത കൈകൾകൊണ്ടുള്ള മൃദുവായ സ്പർശനമായിരുന്നു അതെന്നും അവർ പറയുന്നു.
പ്രേതഭവനം വിൽപനയ്ക്ക്
റോഡ്സ് ഐലണ്ടിലെ ഈ പ്രേതഭവനം ഏറ്റവും അവസാനം വിറ്റത് 2019-ൽ ആയിരുന്നു. 4,39,000 ഡോളറിനായിരുന്നു അന്ന് ഇത് വിറ്റത്. പ്രേതങ്ങൾ പോലെയുള്ള പ്രതിഭാസങ്ങളെ കുറിച്ച് പഠനം നടത്തുന്ന ജെന്നിഫറും കോറി ഹീൻസെനുമാണ് ഇത് അവസാനമായി വാങ്ങിയത്. ഇവർ നിരവധി ഈവന്റുകൾ ഇതിനകത്ത് സംഘടിപ്പിക്കുകയുണ്ടായി. മാത്രമല്ല പ്രേതാന്വേഷണ കുതുഹികളായവർക്ക് രാത്രി തങ്ങുവാൻ മുറികൾ വാടകയ്ക്ക് നൽകാറുമുണ്ടായിരുന്നു എന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ ഇവിടെ താമസിക്കാൻ എത്തിയവർക്കും നിരവധി വിചിത്രാനുഭവങ്ങൾ ഉണ്ടായതായി പറയപ്പെടുന്നു.
ഇപ്പോളിതാ ഈ വീട് വീണ്ടും വിലയ്ക്ക് വെച്ചിരിക്കുന്നു. പ്രേതങ്ങളോടൊപ്പം സഹവസിക്കുവാൻ ഇഷ്ടമുള്ളവർക്ക് ഇത് 1.2 മില്ല്യൺ ഡോളർ നൽകി സ്വന്തമാക്കാം. റിയൽ എസ്റ്റേറ്റ് ഏജന്റുമാരായ മോട്ട് ആൻഡ് ചേസ് സോത്ബിയുടെ ഇന്റർനാഷണൽ റിയല്റ്റി എന്ന സ്ഥാപനമാണ് ഇത് വിൽക്കുവാൻ വെച്ചിരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പ്രേതഭവനമാണിതെന്നാണ് അവർ പരസ്യത്തിൽ പറയുന്നത്. 8.5 ഏക്കർ സ്ഥലത്ത് നിൽക്കുന്ന ഈ കെട്ടിടത്തിൽ 14 മുറികളാണുള്ളത്. ഇതിനുപുറമേയാണ് പ്രേതങ്ങളുറങ്ങുന്ന ഭൂഗർഭ അറ.
ഇവിടെ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഏഴോളം ഹിറ്റ് ചിത്രങ്ങൾ പിറന്നെങ്കിലും അവയിൽ ഒന്നുപോലും ഇവിടെ വെച്ച് ചിത്രീകരിച്ചിട്ടില്ല എന്നതാണ് രസകരം. അന്ധവിശ്വാസങ്ങൾ ഏറെയുള്ള സിനിമാലോകത്ത് പ്രേതപ്പെടിയും കൂടുതലാണ് എന്നതുതന്നെയാണ് കാരണം.