ലിപ്പത്തിലെന്തു കാര്യം എന്ന് ചോദിക്കാറുണ്ട്. അത് അന്വർത്ഥമാകുകയാണ് ബ്രിട്ടീഷ് സൈന്യം കരസ്ഥമാക്കിയ പുതിയ തോക്കിന്റെ കാര്യത്തിൽ. 10 കിലോ തൂക്കവും നാലടി മാത്രം നീളവുമുള്ള ഈ തോക്കിന് പക്ഷെ പറന്നുപോകുന്ന യുദ്ധവിമാനങ്ങളെ വരെ തകർക്കാനുള്ള ശേഷിയുണ്ട്. മാത്രമല്ല, ബുള്ളറ്റ്പ്രൂഫ് കാർ പോലും തകർക്കുവാനും കഴിയും. ഇതിന്റെ റേഞ്ച് ആണെങ്കിൽ ഒന്നര മൈലും. ഒരു ആർട്ടിലറി ഗണ്ണിനെ പോലെ വെടിയുതിർത്ത ശേഷം ഉൾവലിയുന്ന ഒരു ബാരലോടുകൂടിയ ഈ സെമി ഓട്ടോമാറ്റിക് റൈഫിൾ നിർമ്മിച്ചിരിക്കുന്നത് ഹംഗറിയിലാണ്.

ജി എം 6 എന്ന ഈ അത്യാധുനിക റൈഫിളുമായി യുദ്ധത്തിനു പോകുന്നത് തികച്ചും ആനന്ദകരമാണെന്നാണ് സ്പെഷ്യൽ ഫോഴ്സിലെ ഒരംഗം പറഞ്ഞത്. ഒരു ആർട്ടിലറി പീസ് നമ്മൾ കൊണ്ടുപോകുന്നതുപോലെയിരിക്കും അനുഭവം. ഇത്തരത്തിലുള്ള ഒരു റൈഫിൾ ഉള്ള ഒരു സംഘഗ്ത്തിന് ബോംബ് നിറച്ചു വരുന്ന ഒരു ട്രക്കിനെ ദൂരെനിന്നും തകർക്കാനും വലിയൊരു കൂട്ടം ശത്രുക്കളെ ഇല്ലാതെയാക്കുവാനും അല്ലെങ്കിൽ വളരെ പെട്ടെന്നു തന്നെ ഒരു ഹെലികോപ്റ്ററിനെ ഇല്ലാതെയാക്കുവാനും സാധിക്കും. ഇത്രയൊക്കെ ശക്തിയേറിയ ആയുധമാണെങ്കിലും 9000 പൗണ്ട് വിലവരുന്ന ഇതുകൊണ്ടുനടക്കുന്നതും വളരെ എളുപ്പമാണ്.

50-കാലിബർ റോഫോസ്സ് എം കെ2 ബുള്ളറ്റുകളുടെ അഞ്ച് മാഗസിനുകളാണ് ഈ തോക്ക് ഉപയോഗിക്കുന്നത്. മാത്രമല്ല ഇതിന് മൂന്ന് സെക്കന്റിനുള്ളിൽ വെടിയുതിർക്കാനും ആവും. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആവരണം തകർത്ത് അകത്തുകയറി പെട്രോൾ ടാങ്കിനകത്തുവച്ച് പൊട്ടിത്തെറിക്കാനും സാധിക്കും. എസ് എ എസ്, എസ് ബി എസ്, സ്പെഷ്യൽ റീകണസിയൻസ് റെജിമെന്റ് എന്നിവർക്കായി ഇത്തരത്തിലുള്ള 150 റൈഫിളുകൾ വാങ്ങിയതായാണ് ലഭിക്കുന്ന വിവരം. നിലവിൽ സിറിയ, ഇറാഖ് എന്നിവിടങ്ങളിലുള്ള ബ്രിട്ടീഷ് സൈന്യം ഇത് വിന്യസിച്ചതായും അറിയുവാൻ കഴിയുന്നു. എന്നാൽ ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രതികരണം നടത്തുവാൻ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല.

ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ വിന്യസിച്ചിരിക്കുന്ന ബ്രിട്ടീഷ് സൈന്യത്തിന് ഈ അത്യാധുനിക തോക്ക് കരുത്തുപകരും എന്നതിൽ സംശയമൊന്നുമില്ല. മാത്രമല്ല, അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ അടങ്ങിയ ത്രിരാഷ്ട്ര സഖ്യത്തിനും ഇതൊരു മുതല്ക്കൂട്ട് തന്നെയാണ്. തെക്കൻ പസഫിക് മേഖലയിൽ സമാധാനം കൈവരുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഈ സഖ്യം നേരിടുന്ന പ്രധാന വെല്ലുവിളി ചൈനയിൽ നിന്നുള്ളതാണ്. അത്തരം സാഹചര്യത്തിൽ സഖ്യത്തിന് മുൻകൈ നേടിക്കൊടുക്കാൻ ഈ തോക്കുന് സാധിക്കും.