തിരുവനന്തപുരം: സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിയെ യുഡിഎഫ് എതിർത്തത് അനാവശ്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പദ്ധതി അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് കാര്യകാരണ സഹിതം യുഡിഎഫ് വ്യക്തമാക്കിയതാണ്. ഡോ. എംകെ മുനീറിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഉപസമിതി ഈ പദ്ധതിയെ കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അത് സമഗ്രമായി ചർച്ച ചെയ്ത ശേഷമാണ് യുഡിഎഫ് ചില ബദൽ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. സാമ്പത്തിക,സാമൂഹിക,പാരിസ്ഥിതിക പഠനം നടത്തുന്നതിന് മുൻപാണ് പദ്ധതി നടത്തിപ്പിന് ഭൂമിയേറ്റെടുക്കാൻ സർക്കാർ ധൃതികാണിക്കുന്നത്.

ഈ പദ്ധതി ഇപ്പോഴത്തെ നിലയ്ക്ക് നടപ്പാക്കിയാൽ 2000 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുകയും അമ്പതിനായിരത്തോളം കച്ചവട സ്ഥാപനങ്ങൾ പൊളിക്കുക്കയും 145 ഹെക്ടർ നെൽവയൽ നികത്തുകയും 1000ൽപ്പരം മേൽപ്പാലം നിർമ്മിക്കേണ്ടിവരും. ഇത് ഒഴിവാക്കിയ ബദൽ മാർഗം കേന്ദ്ര റെയിൽവെ മന്ത്രാലായം കേരള സർക്കാരിന് അറിയിച്ചിട്ടുണ്ട്.

ഈ പദ്ധതി ഉപേക്ഷിച്ച് ഒരു ബദൽ പദ്ധതിക്ക് രൂപം നൽകണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. അതിവേഗ റെയിൽവെ പദ്ധതി വേണമെന്ന അഭിപ്രായം തന്നെയാണ് യുഡിഎഫിനും. കേരളത്തിനെ രണ്ടായി വിഭജിക്കുന്ന പദ്ധതിക്ക് പകരം വിദഗ്ധരുടെ അഭിപ്രായം തേടുകയും യുഡിഎഫുമായി ചർച്ച ചെയ്യാനും സർക്കാർ തയ്യാറാകണം. യുഡിഎഫ് ഭരണകാലത്തെ എക്സ്പ്രസ്സ് ഹൈവയെ എൽഡിഎഫ് അന്ധമായി എതിർത്തത് പോലെയല്ല, മറിച്ച് അതിവേഗ റെയിൽവെയ്ക്ക് പരിഷ്‌കരിച്ച ബദൽ വേണമെന്നാണ് യുഡിഎഫ് നിലപാടെന്നും കൺവീനർ പറഞ്ഞു.