- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരുകൾക്ക് മംഗളപത്രം എഴുതുന്നതല്ല മാധ്യമപ്രവർത്തനം; നിർഭയവും സത്യസന്ധവുമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് മാധ്യമധർമ്മമെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാരുകൾക്ക് മഗംളപത്രം എഴുതുന്നതല്ല മാധ്യമപ്രവർത്തനമെന്നും നിർഭയവും സത്യസന്ധവുമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുകയെന്നതാണ് മാധ്യമധർമ്മമെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 111-ാം വാർഷിക ദിനാചരണത്തോട് അനുബന്ധിച്ച് സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്തുള്ള സ്വദേശാഭിമാനി സ്മാരകത്തിൽ നടത്തിയ പുഷ്പാർച്ചനയ്ക്ക് ശേഷം പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
സ്വതതന്ത്ര മാധ്യമപ്രവർത്തനമാണ് ജനാധിപത്യത്തിന് ഭൂഷണം. ഭീഷണിപ്പെടുത്തി നിയന്ത്രിക്കാൻ സർക്കാരുകൾ ശ്രമിക്കുന്നു. വിമർശിക്കുന്ന മാധ്യമങ്ങൾക്ക് പരസ്യം നൽകാതെ സാമ്പത്തികമായി തളർത്തുന്ന തന്ത്രമാണ് സർക്കാരുകൾ പയറ്റുന്നത്. എന്നിട്ടും വഴങ്ങാത്ത മാധ്യമങ്ങളെ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് ദ്രോഹിക്കുന്നു. നരേന്ദ്ര മോദി കേന്ദ്രത്തിൽ നടപ്പാക്കുന്നത് അതാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ജനാധിപത്യത്തെപ്പോലും അപകടത്തിലാക്കുന്ന ഭരണകൂട ഭീകരത വളർന്നു വരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഓർമ്മകൾ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതാണ്.സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനത്തിന് ഉത്തമ മാതൃകയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. രാജഭരണത്തിന്റെ സർവാധിപത്യത്തിനെതിരായി തൂലിക ചലിപ്പിച്ച പോരാളിയാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.
സ്വദേശാഭിമാനി സ്മാരക സമിതിയുടെ നേതൃത്വത്തിൽ തുടർച്ചയായി 29-ാം തവണയാണ് നാടുകടത്തിയതിന്റെ വാർഷികം ആഘോഷിക്കുന്നത്. സ്വദേശഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശമായ നെയ്യാറ്റിൻകരയിലും അനുസ്മരണ പരിപാടികൾ സമിതിയുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ചു.
കോവിഡ് പച്ഛാത്തലത്തിൽ താത്കാലികമായി നിർത്തിവെച്ചിരുന്ന പത്രപ്രവർത്തക,ഫോട്ടോഗ്രാഫർ ്വാർഡുകൾ ഈ വർഷം മുതൽ പുനരാരംഭിക്കുമെന്ന് സ്വദേശാഭിമാനി സ്മാരക സമിതി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞു.
സ്വദേശാഭിമാനി സ്മാരക സമിതി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അധ്യക്ഷത വഹിച്ച യോഗത്തിൽ യുഡിഎഫ് കൺവീനർ എംഎം ഹസൻ, വർക്കല കഹാർ, സോളമൻ അലക്സ്, എംആർ തമ്പാൻ,പി കെ വേണുഗോപാൽ, കെഎസ് ഗോപകുമാർ,കോളിയൂർ ദിവാകരൻ നായർ,ജോൺസൺ ജോസഫ്,കമ്പറ നാരായണൻ,കോട്ടാത്തല മോഹൻ, ശാസ്തമംഗലം മോഹൻ,എം സുന്ദരേശൻ നായർ, എംഎ പത്മകുമാർ, പുളിമൂട് ഹരി, തൈക്കാട് ശ്രീകണ്ഠൻ,വാഴൂർക്കോണം ചന്ദ്രശേഖരൻ,മണ്ണാമൂല രാജൻ,വലിയശാല പരമേശ്വരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ