തൃശൂർ: വി എം. സുധീരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടൽ ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എംപി രംഗത്ത്. സുധീരന്റെ രാജി പിൻവലിപ്പിക്കാൻ ഹൈക്കമാൻഡ് നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതാപൻ സോണിയ ഗാന്ധിക്ക് കത്തയച്ചു.

പൊതുസമൂഹത്തിന്റെ ശബ്ദമാണ് വി എം. സുധീരനെന്നും പ്രതാപൻ കത്തിൽ പറയുന്നു. സുധീരനെ അനുനയിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെടുന്നതിനിടെയാണ് കേന്ദ്ര നേതൃത്വത്തിന് കത്തുമായി പ്രതാപൻ രംഗത്തെത്തിയത്.

അതേസമയം, കെപിസിസി നേതൃത്വത്തിന്റെ അനുനയനീക്കങ്ങൾക്ക് പിടി കൊടുക്കാതെ തുടരുകയാണ് സുധീരൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും സുധീരൻ വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയകാര്യസമിതിയിൽ നിന്നുള്ള രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സതീശൻ സുധീരന്റെ വീട്ടിലെത്തിയത്. എന്നാൽ നേതൃത്വത്തോടുള്ള തന്റെ അതൃപ്തി സുധീരൻ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവിനോട് അറിയിച്ചു.

രാജിയിൽനിന്നും സുധീരൻ പിന്മാറില്ലെന്ന സൂചനയാണ് കൂടിക്കാഴ്ചയ്ക്കു ശേഷം സതീശൻ മാധ്യമങ്ങളോട് പങ്കുവച്ചത്. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നയാളാണ് സുധീരൻ. രാജി പിൻവലിപ്പിക്കാൻ താൻ ആളല്ലെന്ന് സതീശൻ പറഞ്ഞു. നേതൃത്വത്തിന് ചില വീഴ്ചകളുണ്ടായി. തന്റെ പിഴവുകൾക്ക് ക്ഷമചോദിച്ചെന്നും സതീശൻ പറഞ്ഞു.