അബുദാബി: സ്വന്തം വിവാഹത്തിന് നാട്ടിലെത്താനാവാതെ മലയാളി യുവാവ് അബുദാബിയിൽ കുടുങ്ങി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജിജോ വർഗീസ് ആണ് ഇന്ന് നടക്കേണ്ട വിവാഹത്തിനു നാട്ടിലെത്താനാവാതെ അബുദാബിയില് പെട്ടു പോയത്. മൂവിങ് പെർമിറ്റ് എടുക്കാതെ ക്വാറന്റീൻ കാലയളവിൽ താമസ സ്ഥലം മാറി എന്ന കുറ്റത്തിനാണ് ജിജോയെ ശിക്ഷിച്ചിരിക്കുന്നത്. എന്നാൽ താൻ നിയമ ലംഘനം നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് ജിജോ. എന്നാൽ താൻ നിയമ ലംഘനം നടത്തിയിട്ടില്ലെന്നും കോൾ സെന്ററിൽ വിളിച്ചും വാട്‌സാപ്പിൽ രേഖാമൂലവും അറിയിച്ചിരുന്നുവെന്നും പുതിയ സ്ഥലത്തിന്റെ ലൊക്കേഷൻ യഥാസമയം അയച്ചുകൊടുത്തതായും ജിജോ പറയുന്നു. ഈ രേഖകളെല്ലാം വച്ച് അബുദാബി ജുഡീഷ്യൽ വകുപ്പിനു പരാതി നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജിജോ.

ക്വാറന്റീൻ നിയമം ലംഘിച്ചതിനു 50,000 ദിർഹമാണ് (10 ലക്ഷത്തിലേറെ രൂപ) പിഴ. സംഭവത്തെക്കുറിച്ച് ജിജോയ്ക്ക് പറയാനുള്ളത്...2020 സെപ്റ്റംബർ ഒന്നിനു സന്ദർശക വീസയിൽ അബുദാബിയിലെത്തിയ ജിജോയെ അന്നത്തെ ക്വാറന്റീൻ നിയമപ്രകാരം സ്മാർട് വാച്ച് ധരിപ്പിച്ച് താമസ സ്ഥലത്തേക്കു വിട്ടു. എന്നാൽ സ്ഥിരം മുറി ശരിയാകാത്തതിനാൽ തൽക്കാലം സുഹൃത്തിന്റെ ഫ്‌ളാറ്റിലെത്തിയ ജിജോ അധികൃതരുടെ നിർദേശപ്രകാരം ഉടൻ നിശ്ചിത വാട്‌സാപ് നമ്പറിലേക്ക് ലൊക്കേഷൻ മാപ്പ് അയച്ചുകൊടുത്തിരുന്നു. രണ്ട് ദിവസത്തിനുശേഷം സ്ഥിരം താമസം ശരിയായെന്നും അങ്ങോട്ടേക്കു മാറാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചെങ്കിലും കിട്ടിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വാട്‌സാപ്പിൽ സന്ദേശം അയയ്ക്കുകയും ചെയ്തു. പലതവണ വിളിച്ചപ്പോൾ ഒരിക്കൽ ഫോണെടുത്തു. വിവരം അദ്ദേഹത്തോട് വിശദീകരിച്ചപ്പോൾ കുഴപ്പമില്ലെന്നും പുതിയ സ്ഥലത്തെത്തി ലൊക്കേഷൻ മാപ്പ് അയച്ചാൽ മതിയെന്നും വാക്കാൽ അറിയിച്ചിരുന്നുവെന്ന് ജിജോ പറയുന്നു.

രണ്ടു ദിവസത്തിനുശേഷം അന്വേഷിച്ചെത്തിയ സിഐഡി ഉദ്യോഗസ്ഥരോട് വിവരം അറിയിക്കുകയും മാറുന്ന വിവരം വച്ച് അയച്ച സന്ദേശം കാണിക്കുകയും ചെയ്തു. നിയമലംഘനത്തിനു 50,000 ദിർഹമാണെന്ന് ഓർമിപ്പിച്ച ഉദ്യോഗസ്ഥർ സന്ദേശം കണ്ടപ്പോൾ പ്രശ്‌നമില്ലെന്ന് പറഞ്ഞു മടങ്ങി. ടൂറിസ്റ്റ് വീസ കാലാവധി തീരുന്നതിനു മുൻപായി ഫയൽ ക്ലോസ് ചെയ്യണമെന്ന് പറഞ്ഞ് നവംബറിൽ വിളിപ്പിക്കുകയും ഡിജിറ്റലായി ഒപ്പിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രശ്‌നം അവസാനിച്ചെന്നാണ് ജിജോകരുതിയത്. പിന്നീട് പുതിയ ജോലിയിൽ പ്രവേശിച്ചു.

ഒരു വർഷത്തിനുശേഷം നിശ്ചയത്തിനും വിവാഹത്തിനുമായി ഈ മാസം 20നു നാട്ടിലേക്കു പോകാനായി അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ പാസ്‌പോർട്ട് ഹോൾഡ് ചെയ്തിരിക്കുകയാണെന്നും ക്വാറന്റീൻ നിയമലംഘന പിഴ അടയ്ക്കാതെ രാജ്യംവിടാനാവില്ലെന്നും എമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചത്. താമസ സ്ഥലം മാറിയ കാര്യം രേഖാമൂലം അറിയിച്ചിരുന്നുവെന്നു വാട്‌സാപ് സന്ദേശം കാണിച്ചു. 24നു വിവാഹ നിശ്ചയവും 27നു വിവാഹവും ആണെന്നു അറിയിച്ചെങ്കിലും നിയമനടപടി പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം. ഇതേ തുടർന്ന് ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിലും ഇന്ത്യൻ എംബസിയിലും പരാതി നൽകി കാത്തിരിക്കുകയാണ് ഇദ്ദേഹം.

യുഎഇയിലെ ക്വാറന്റീൻ നിയമം അനുസരിച്ച് സ്മാർട് വാച്ച് (ട്രാക്കർ) ധരിച്ചയാൾ താമസ സ്ഥലത്തുനിന്നു പരിധിവിട്ട് പുറത്തിറങ്ങിയാൽ 50,000 ദിർഹമാണ് പിഴ. ട്രാക്കർ ധരിച്ച് ക്വാറന്റീനിലിരിക്കെ അടിയന്തരമായി പുറത്തിറങ്ങേണ്ടവർ (പിസിആർ ടെസ്റ്റ് എടുക്കാനോ ആശുപത്രിയിലേക്കോ) മുൻകൂട്ടി മൂവിങ് പെർമിറ്റ് എടുക്കണം.

സ്മാർട് വാച്ച് ഇളക്കി മാറ്റുക, പ്രവർത്തന രഹിതമാക്കുക തുടങ്ങിയ നിയമലംഘനത്തിനു തുല്യതുക പിഴയുണ്ട്. ഇങ്ങനെ ചെയ്താൽ വാച്ചിൽ അപായ സൈറൺ മുഴങ്ങും. നിലവിൽ യുഎഇയിൽ ക്വാറന്റീൻ നിയമത്തിൽ ഇളവുണ്ട്. എന്നാൽ പഴയ കേസുകളിൽപെട്ടവർ നിയമനടപടി പൂർത്തിയാക്കണം.