- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഞ്ചു കുഞ്ഞ് മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ്: അന്വേഷണം കുഞ്ഞിന്റെ അമ്മയെ കേന്ദ്രീകരിച്ച്
കാഞ്ഞിരപ്പള്ളി: പിഞ്ചു കുഞ്ഞിന്റെ മരണം ശ്വാസം മുട്ടിയെന്ന് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ കുഞ്ഞിന്റെ അമ്മയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നാലു മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിനു ശേഷം പൊലീസിനു ലഭിച്ച പ്രാഥമിക റിപ്പോർട്ടിലാണ് കണ്ടെത്തൽ.
സംഭവ സമയത്ത് കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശനി ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അമ്മയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കുട്ടിക്ക് അനക്കമില്ലെന്നു ഫോണിൽ വിളിച്ച് തന്നെ അറിയിച്ചത് ഭാര്യയാണെന്ന് ഭർത്താവ് റിജോ മൊഴി നൽകിയതായും പൊലീസ് അറിയിച്ചു.
വാർഡംഗം ആന്റണി ജോസഫിനെയും കൂട്ടി വീട്ടിലെത്തിയ റിജോ കുട്ടിയെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. എന്നാൽ കുട്ടിയുടെ മരണശേഷം കൂടുതൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന അമ്മയെ ചികിത്സ നൽകി സാധാരണ നിലയിലാക്കി ശേഷം ചോദ്യം ചെയ്താൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ എന്ന് ഡിവൈഎസ്‌പി എൻ.ബാബുക്കുട്ടൻ അറിയിച്ചു. ഇവരെ പൊലീസ് നിരീക്ഷണത്തിൽ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു.