- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി വളപ്പിൽ എത്തിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; ഓക്സിജൻ ലെവൽ കുറഞ്ഞ രോഗി ആരോഗ്യ പ്രവർത്തകരെ കാത്ത് കിടന്നത് അരമണിക്കൂറോളം: ഒടുവിൽ ചികിത്സ ലഭിക്കാതെ കോവിഡ് ബാധിതന് ദാരുണ മരണം
കൊല്ലം: ചികിത്സ ലഭിക്കാതെ ആശുപത്രി വളപ്പിലെ ആംബുലൻസിൽ അരമണിക്കൂറോളം കിടന്ന കോവിഡ് ബാധിതന് ദാരുണ മരണം. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചത്. പാരിപ്പള്ളി പള്ളിവിള ജവഹർ ജങ്ഷൻ അശ്വതിയിൽ ബാബു(68)വാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11-നാണ് സംഭവം. കോവിഡ് മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച ബാബു ആരോഗ്യ പ്രവർത്തകരെ കാത്ത് അരമണിക്കൂറോളം ആശുപത്രിക്കുമുന്നിൽ ആംബുലൻസിൽ കിടന്നു. എന്നാൽ ആരും തന്നെ രോഗിയെ നോക്കാൻ എത്തിയില്ല.
കുറച്ചുദിവസംമുൻപ് ബാബുവിനും മകൾക്കും കൊച്ചുമക്കൾക്കും കോവിഡ് ബാധിച്ചത്. വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. ശനിയാഴ്ച രാത്രി ബാബുവിന് രോഗം കലശലാകുകയും ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്തു. തുടർന്ന് വാർഡ് കൗൺസിലറെയും ആരോഗ്യപ്രവർത്തകരെയും ബന്ധപ്പെട്ടപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശംലഭിച്ചു. ആരോഗ്യപ്രവർത്തകർ ആംബുലൻസ് ഏർപ്പെടുത്തി വിവരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറിയിച്ചു.
മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിനുമുന്നിൽ എത്തിച്ചെങ്കിലും ഓക്‌സിജന്റെ അളവ് 60 ശതമാനത്തിലേക്കു താഴ്ന്ന രോഗിയെ ആശുപത്രിയിലേക്കുമാറ്റാൻ ആരുമെത്തിയില്ല. സ്ഥലത്തുണ്ടായിരുന്നവർ ബഹളംെവച്ചെങ്കിലും 15 മിനിറ്റ് കഴിഞ്ഞാണ് സുരക്ഷാവസ്ത്രം ധരിച്ച് ജീവനക്കാരൻ വന്നത്. അപ്പോഴേക്കും ബാബു മരിച്ചിരുന്നു. തടിച്ചുകൂടിയവർ ആശുപത്രി ജീവനക്കാരുമായി തർക്കമായി. പാരിപ്പള്ളി പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരവൂർ പൊലീസ് സ്വമേധയാ കേസെടുത്തു
ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി. മകൾ ഷൈനിയോടൊപ്പം പരവൂർ നഗരസഭ നാലാം വാർഡിലാണ് ബാബു താമസിച്ചിരുന്നത്. പരേതയായ രാധാമണിയാണ് ഭാര്യ.