തിരുവനന്തപുരം: കൂടുതൽ യുവതികളെ കുടുംബശ്രീയുടെ ഭാഗമാക്കുന്നതിനായി യുവതീ ഗ്രൂപ്പുകൾ വരുന്നു. കുടുംബശ്രീയുടെ ഭാഗമായവരിൽ കൂടുതലും പ്രായമായ സ്ത്രീകളായതിനാൽ 40 വയസ്സിൽ താഴെയുള്ളവർക്കായാണ് സംഘങ്ങൾ. സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരേ പ്രതികരിക്കാനും സാമ്പത്തിക വികസനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ഓക്‌സിലറി ഗ്രൂപ്പുകളെന്ന പേരിലാണ് ആദ്യം സംഘങ്ങൾ രൂപവത്കരിക്കുന്നത്. ഇരുപതിനായിരം ഗ്രൂപ്പുകളാണ് ലക്ഷ്യം.

ഒരു വാർഡിൽ ഒരു ഗ്രൂപ്പ് എന്ന നിലയിലാണ് രൂപവത്കരിക്കുക. ഒരു ഗ്രൂപ്പിൽ പരമാവധി 50 പേർക്ക് അംഗങ്ങളാവാം. 50-ൽ കൂടുതൽ അംഗങ്ങൾ വന്നാൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാം. അയൽക്കൂട്ടത്തിൽ അംഗങ്ങളായവർക്കും പുതിയ ഗ്രൂപ്പിൽ അംഗങ്ങളാവാം. വാർഡിലെ സി.ഡി.എസിനാണ് ഗ്രൂപ്പുണ്ടാക്കുന്നതിനുള്ള ചുമതല. അയൽക്കൂട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി നേതാവ് ഉൾപ്പെടെ അഞ്ചംഗ കമ്മിറ്റിയാണ് ഭാരവാഹികളായി ഉണ്ടാവുക. വിദ്യാഭ്യാസ യോഗ്യത, അഭിരുചി, പരിചയം എന്നിവ പരിഗണിച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുക. കാലാവധി ഒരു വർഷം.

സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നിവയുടെ ചുമതലകളാണ് കമ്മിറ്റിയംഗങ്ങൾക്കുള്ളത്. പ്രാദേശികമായി ലഭ്യമാകുന്ന തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം. തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ വായ്പ ആവശ്യമായി വന്നാൽ അയൽക്കൂട്ടങ്ങളിൽ നിന്നുള്ളതും സി.ഡി.എസിന്റെ ഫണ്ടും വായ്പയായി ഉപയോഗിക്കാം. അയൽക്കൂട്ട അംഗമല്ലെങ്കിൽ അംഗത്വമെടുക്കാം. എക്കണോമിക് ഡെവലപ്മെന്റ് കമ്മിറ്റിയാണ് ഗ്രൂപ്പുകളുടെ സംസ്ഥാനതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പ്രധാന പ്രവർത്തനങ്ങൾ

* സമൂഹത്തിലെ അനുഭവ സമ്പത്തുള്ളവരുമായി സംവാദങ്ങൾ

* നൂതന ഉപജീവന സാധ്യതകളെക്കുറിച്ചുള്ള ശില്പശാല

* മാനസികാരോഗ്യം, സ്ത്രീകളുടെ പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

* വിവിധ സർക്കാർ വകുപ്പുകളിലെ വിദഗ്ധരുമായി സംവാദം

* കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾ

* കുടുംബശ്രീയുടെ ജാഗ്രതാസമിതി, ജെൻഡർ റിസോഴ്സ് സെന്റർ, സ്‌നേഹിത എന്നിവയുമായുള്ള സംയോജിത പ്രവർത്തനം.