- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലൻഡിലെത്തുന്നവർക്ക് ഇനി മുതൽ ഹോട്ടൽ ക്വാറന്റൈൻ ഇല്ല; വാക്സിൻ സർട്ടിഫിക്കറ്റും പിസിആർ റിസൾട്ടും ഇല്ലാതെ എത്തുന്നവർക്ക് വീടുകളിൽ നീരിക്ഷണം; പുതിയ നിബന്ധനകൾ അറിയാം
അയർലൻഡിലെത്തുന്നവർക്ക് ഇനി മുതൽ ഹോട്ടൽ ക്വാറന്റൈൻ ഇല്ല.നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ സംവിധാനം നിർത്തലാക്കിയതായിആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.എല്ലാ രാജ്യങ്ങളെയും ക്വാറന്റൈൻ പട്ടികയിൽ നിന്നും ഇന്നലെ മുതൽ ഒഴിവാക്കിയതായും സർക്കാർ അറിയിച്ചു.
അവസാനമായി ഹോട്ടൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ച 50 പേരെ ഇന്നലെ വൈകിട്ട് തന്നെ വിട്ടയച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു അയർലണ്ടിൽ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ സംവിധാനം ഏർപ്പെടുത്തിയത്. ഇനിമുതൽ കോവിഡ് വാക്സിൻ സർട്ടഫിക്കറ്റോ, പിസിആർ പരിശോധന ഫലമോ ഇല്ലാതെ അയർലണ്ടിലെത്തുന്നവർ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാവും.അവസാനഘട്ടത്തിൽ സൗത്ത് ആമേരിക്കയിൽ നിന്നുള്ള ആറ് രാജ്യങ്ങൾ മാത്രമായിരുന്നു ക്വാറന്റൈൻ പട്ടികയിൽ.
രാജ്യത്തെ വാക്സിൻ പദ്ധതി വിജയകരമായതും, അന്താരാഷ്ട്ര യാത്ര പുനഃരാരംഭിച്ചതുമാണ് ഈ നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് സർക്കാർ പറയുന്നത്. ഇതുവരെ രാജ്യത്ത് 10,294 പേരാണ് ഹോട്ടൽ ക്വാറന്റൈൻ സംവിധാനം ഉപയോഗിച്ചത്. എട്ട് ഹോട്ടലുകളായിരുന്നു ഇതിനായി തെരഞ്ഞെടുത്തത്. ക്വാറന്റൈനിൽ കഴിയവേ 593 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഹോട്ടൽ ക്വാറന്റൈൻ ഒഴിവാക്കിയെങ്കിലും ആളുകൾ യാത്രാനിയന്ത്രണങ്ങൾ പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനേഷൻ നടത്തിയതായുള്ള തെളിവ്, ആറ് മാസത്തിനിടെ രോഗമുക്തി നേടിയതിനുള്ള തെളിവ് എന്നിവ കൈവശമില്ലാത്തവർ യാത്രയ്ക്ക് മുമ്പ് PCR ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുക, യാത്രയ്ക്ക് ശേഷം വീട്ടിൽ ക്വാറന്റൈനിലിരിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ തുടരും. അയർലൻഡിലെത്തുന്ന യാത്രക്കാർ പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിച്ച് നൽകുകയും വേണം.