ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, കിങ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ഇന്ത്യ-ബഹ്റൈൻ നയതന്ത്ര ബന്ധത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളോടനു ന്ധിച്ചായിരുന്നു ക്യാമ്പ്. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ല സന്നിഹിതനായി.

രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നരവരെയായിരുന്നു രക്തദാന ക്യാമ്പ്. കിങ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രി രക്തദാന വകുപ്പ് വിഭാഗം ഇൻചാർജ് നൂഫ് ആദിൽ യൂസഫ് അൽ അയാതിയുടെ നേതൃത്വത്തിലുള്ള ജീവനക്കാർ രക്തശേഖരണത്തിന് നേതൃത്വം നൽകി. ഷിഫയിലെ ഡോക്ടർമാരും ജീവനക്കാരും രക്തദാനത്തിൽ പങ്കാളികളായി.

തുടർന്ന് ഷിഫയിലെ ഡോക്ടർമാരുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി. മെഡിക്കൽ ടൂറിസം മേഖലയിൽ കൂടുതൽ വളർച്ചക്കായ പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു. ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ മികച്ച സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ലഭ്യമാണ്. ഇതിലേക്ക് കൂടുതലായി വിദേശികളെ ആകർഷിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അംബാസഡർ പറഞ്ഞു.

ഇന്ത്യ-ബഹ്റൈൻ നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ അമ്പതാം വാർഷികമാണ് ആഘോഷിക്കുന്നത്. ഒരു വർഷം നീണ്ട പരിപാടികളാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.അംബാസഡർക്ക് ഷിഫ സിഇഒ ഹബീബ് റഹ്‌മാൻ മെമെന്റോ സമ്മാനിച്ചു. ഡയരക്ടർ ഷബീർ അലി, ഡോക്ടർമാർ എന്നിവർ സന്നിഹിതരായി.അംബാഡറെയും സെക്കൻഡ് സെക്രട്ടറിയെയും മുതിർന്ന ഡോക്ടർമാരായ പി കുഞ്ഞിമൂസ, ഹരികൃഷ്ണൻ പിവികെ, അബ്ദുൽ ജലീൽ മണക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.