കുവൈറ്റ് സിറ്റി: പിസ്സാ എക്സ്‌പ്രസ്സ് കുവൈറ്റും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.അദാൻ ബ്ലഡ് ബാങ്കിൽ വച്ച് സെപ്റ്റംബർ 22, ബുധനാഴ്ച വൈകുന്നേരം 4 മുതൽ 6 വരെ സംഘടിപ്പിച്ച ക്യാമ്പിൽ മുപ്പതിലധികം പിസ്സാ എക്സ്‌പ്രസ്സ് ജീവനക്കാർ രക്തദാനം നിർവ്വഹിച്ചു.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം പിസ്സാ എക്സ്‌പ്രസ്സ് ബിസിനസ് മാനേജർ അനുപ ബെന്നി നിർവ്വഹിച്ചു. പിസ്സാ എക്സ്‌പ്രസ്സ് റസ്റ്റോറന്റ് ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തിവരുന്ന വിവിധങ്ങളായ സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത് എന്ന് ഉദ്ഘാടനപ്രസംഗത്തിൽ അവർ പറഞ്ഞു. പ്രസ്തുത പരിപാടികളുടെ ഭാഗമായി ജീവനക്കാരെ പങ്കെടുപ്പിച്ച് കൊണ്ട് ബീച്ച് ക്ലീനിങ് ഉൾപ്പെടെയുള്ള പരിപാടികൾ മുൻപ് ചെയ്തിരുന്ന കാര്യം ഉദ്ഘാടക എടുത്തു പറഞ്ഞു.

ഓപ്പറേഷൻസ് മാനേജർ ആശിഷ് സിക്ക അദ്ധ്യക്ഷത വഹിച്ചു. റസ്റ്റോറന്റ് ഗ്രൂപ്പിന്റെ കുവൈത്തിലെ വിവിധ ശാഖകളിലെ ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിലൂടെ അവർക്ക് പരസ്പരം നേരിൽ കാണാനും, സൗഹൃദം പങ്കുവെക്കാനുമുള്ള അവസരം നൽകുന്നതോടൊപ്പം തന്നെ പ്രസ്തുത കൂടിച്ചേരലുകളിലൂടെ സമൂഹത്തിന് നന്മ പകരുന്ന രീതിയിലുള്ള ഏതെങ്കിലുമൊരു പ്രവർത്തനം കൂടി ചെയ്യുക എന്നതാണ് തങ്ങളുടെ സ്ഥാപനം ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

ചടങ്ങിൽ വച്ച് കോവിഡ് മഹാമാരിയുടെ കാലത്തും കരുതലോടെ സേവനം ചെയ്യുന്ന കുവൈത്ത് ബ്ലഡ് ബാങ്കിലെ ജീവനക്കാരെ ആദരിച്ചു.
പിസ്സാ എക്സ്‌പ്രസ്സ് എക്‌സിക്യൂട്ടീവ് ഷെഫ് മനോജ് വിശ്വംഭരൻ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തിയ ജീവനക്കാരെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിന് പിസ്സാ എക്സ്‌പ്രസ്സ് ടീമിനുള്ള പ്രശംസാ ഫലകം യമുന രഘുബാൽ ബിഡികെ, ഓപ്പറേഷൻസ് മാനേജർ ആശിഷ് സിക്കക്ക് കൈമാറി.

റെസ്റ്റോറന്റ് മാനേജർ വിഷ്ണുപ്രസാദ് സ്വാഗതവും, ജിതിൻ ജോസ് ബിഡികെ നന്ദിയും രേഖപ്പെടുത്തി. റസ്റ്റോറന്റ് ജോലിയുടെ തിരക്കിട്ട സമയക്രമത്തിനുള്ളിലും രക്തദാനമെന്ന മഹത്തായ പ്രക്രിയയിലൂടെ പിസ്സാ എക്സ്‌പ്രസ്സ് സമൂഹത്തിന് വേറിട്ടൊരു സന്ദേശം നൽകുകയായിരുന്നു എന്ന് നന്ദി പ്രകാശിപ്പിക്കവേ അദ്ദേഹം പറഞ്ഞു.
പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പിസ്സാ എക്സ്‌പ്രസ്സിന്റെ വിവിധ റസ്റ്റോറന്റുകളുടെ മാനേജർമാരായ ആനന്ദ് ആന്റോ, സലിൽ ചന്ദ്രൻ, സിജി റോക്ക് വേഗസ്സ്, അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് റോഷൽ, ബിഡികെ പ്രവർത്തകരായ നളിനാക്ഷൻ, ബിനിൽ, രഞ്ജന ബിനിൽ, വിഷ്ണു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 6999 7588 / 9916 4260 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.